ചെന്നൈ : തമിഴ്‌നാട്ടില്‍ ഒരേ ദിവസം 45 സ്ഥലങ്ങളില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടത്തും. പഥസഞ്ചലന നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് 16 ന് സംസ്ഥാനത്തുടനീളം പഥസഞ്ചലനം നടത്താനാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന പഥസഞ്ചലത്തിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് പരിപാടിയുമായി മുന്നോട്ടു പോകാന്‍ സുപ്രീം കോടതി് അനുമതി നല്‍കിയത്.
വിജയദശമി ദിവസം രാജ്യത്തെല്ലായിടത്തും ആ്ര്‍എസ്എസ് നടത്താറുള്ള പഥസഞ്ചലനം തമിഴ്നാട്ടില്‍ മാത്രം തടഞ്ഞത് വിവാദമായിരുന്നു. സുരക്ഷാ കാരണം പറഞ്ഞായിരുന്നു നിരോധനം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു നിലപാട്.
50 സ്ഥലങ്ങളില്‍ പരിപാടി നടത്താനായിരുന്നു തീരുമാനം. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച് 50 സ്ഥലത്തും പരിപാടി നടത്താന്‍ അനുവാദം കൊടുത്തു. ഇതിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കി. പഥസഞ്ചലനം നടത്തിയാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് വ്യാപകമായി പെട്രോള്‍ ബോംബ് എറിയാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കോടതി ആദ്യ ഉത്തരവ് തിരുത്തി മൂന്ന് സ്ഥലത്ത് പഥസഞ്ചലനവും 23 സ്ഥലത്ത് മൈതാനത്തിനുള്ളില്‍ പരിപാടിയും നടത്താന്‍ അനുവദിക്കുകയും 24 സ്ഥലത്ത് പരിപാടി പാടില്ലന്ന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് പെരുമ്പല്ലൂര്‍, കള്ളക്കുറിച്ചി, കടല്ലൂര്‍ എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് പഥസഞ്ചലനം നടന്നു.
സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ ആർഎസ്എസ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. 45 സ്ഥലങ്ങളില്‍ പഥസഞ്ചലനം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആര്‍എസ്എസിന് അനുമതി നല്‍കി. ആരോഗ്യകരമായ ജനാധിപത്യത്തിന് ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്. ഈ വിധിക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഉദ്ധരിച്ച ക്രമസമാധാന കേസുകള്‍ പല സന്ദര്‍ഭങ്ങളിലും ഇരകളാകുന്നത് ആര്‍എസ്എസുകാരാണെന്ന് കാണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി കേസ് തള്ളിയത്. ആര്‍എസ്എസ് പ്രവർത്തകർ അത്തരം കേസുകളില്‍ പലതിലും ഇരകളാണെന്നും അവര്‍ കുറ്റവാളികള്‍ അല്ലെന്നും. അതിനാല്‍ പാസാക്കിയ ഉത്തരവില്‍ ഞങ്ങള്‍ക്ക് തെറ്റ് കണ്ടെത്താന്‍ കഴിയില്ലന്നും സു്പ്രീംകോടതി വ്യക്തമാക്കി നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉന്നയിച്ച് സമാധാനപരമായ മാര്‍ച്ചുകള്‍ നടത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു തീവ്രവാദ സംഘടനയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് മാര്‍ച്ച് നിരോധിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നത് അംഗീകരിക്കാനാവില്ല. തീവ്രവാദ സംഘടന ആക്രമിക്കുകയാണെങ്കില്‍, ഭരണകൂടം സംരക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 16 ന് ഒരേദിവസം എല്ലായിടത്തും പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസ് തീരുമാനിക്കുകയായിരുന്നു
Discussion about this post