ന്യൂദല്‍ഹി : ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി ലഭിച്ചതില്‍ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി. ആധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവില്‍ എവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിമാനത്താവള നിര്‍മാണത്തിനായി തെരഞ്ഞെടുത്ത ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന ഭൂമി വിമാനത്താവള നിര്‍മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് പുറത്തുവന്നിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയതോടെയാണ് ക്ലിയറന്‍സ് ലഭിച്ചത്. എസ്റ്റേറ്റ് യോജ്യമെന്നുള്ള അനുമതി ലഭിച്ചതോടെ ഇനി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമാകും.
ഇതിന്റെ പ്രാരംഭ നടുപടികള്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ച് കഴിഞ്ഞു. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കല്‍, നിര്‍മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കല്‍, കണ്‍സല്‍റ്റന്‍സി നിയമനം എന്നിവയാണു തുടര്‍നടപടികള്‍. ഭൂമിയേറ്റെടുത്തു കഴിഞ്ഞാല്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങും.
പദ്ധതി നടപ്പിലായാല്‍ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ശബരിമലയിലേത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാകും ഇവിടെ ഒരുങ്ങുക. 48 കിലോമീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍നിന്നും ശബരിമലയിലേക്കുള്ളത്. അതുകൊണ്ടുതന്നെ നിര്‍മാണം പൂര്‍ത്തി ആയാല്‍ തീര്‍ത്ഥാടകര്‍ക്കും സമീപ ജില്ലക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.
ഇനി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ലഭിക്കേണ്ടതുള്ളത്. ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പ് സര്‍വേ നമ്പര്‍ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളില്‍ സാമൂഹികാഘാത പഠനം ഇപ്പോള്‍ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളില്‍ പൂര്‍ത്തിയാക്കും.
വിമാനത്താവളത്തിനായി എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡില്‍ നിന്ന് 370 ഏക്കര്‍ ഭൂമിയും കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) ഭൂമി എന്നിവ ഏറ്റെടുക്കാനാണ് നിലവില്‍ തീരുമാനം. ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്തരത്തില്‍ രാജ്യാന്തര വിമാനത്താവളമായി ഒരുങ്ങുന്നത്.
Discussion about this post