ജബല്‍പൂര്‍: ലോകക്ഷേമമാണ് ഭാരതത്തിന്‍റെ ലക്ഷ്യമെന്നും അത് പൂര്‍ത്തിയാകുന്നതുവരെ വിശ്രമിക്കാനാകില്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് ഭാരതം മഹാശക്തിയാകണം. ആ ശക്തി ആരെയും വേദനിപ്പിക്കാനല്ല, സമാധാനം പകരാനാണ്. നമ്മുടെ ശക്തി ദുര്‍ബലരെ സംരക്ഷിക്കും. എല്ലാവര്‍ക്കും ധര്‍മ്മബോധം പകരും, ആരെയും മതം മാറ്റില്ല, അദ്ദേഹം പറഞ്ഞു. ജബല്‍പൂരില്‍ ജഗത്ഗുരു നൃസിങ് പീഠാധിപതി ഡോ. സ്വാമി ശ്യാംദേവാചാര്യയുടെ രണ്ടാം സമാധിവാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളുടെ വികസനം എല്ലാവരുടെയും വികാസത്തിലേക്കും ഒരാളുടെ നാശം എല്ലാവരുടെയും നാശത്തിലേക്കും നയിക്കുമെന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്ക് അവരവരുടെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ലക്ഷ്യങ്ങളില്ല. ഭാരതത്തിന് പക്ഷേ ലോകത്തിന്റെയാകെ സുഖകരമായ ജീവിതത്തിനായി പ്രയത്‌നിക്കേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രം പിറന്നത് തന്നെ ആ ദൗത്യപൂര്‍ത്തീകരണത്തിനാണ്, സര്‍സംഘചാലക് പറഞ്ഞു.
ഭാരതം പുരാതനവും അനശ്വരവുമാണ്. സനാതന ധര്‍മ്മം തന്നെയാണ് ഹിന്ദു രാഷ്ട്രം. ആചാര്യന്മാര്‍ കാട്ടിയ വഴിയേ സഞ്ചരിച്ച് ഇന്ത്യ ലോകഗുരുവാകാന്‍ പോകുന്നു. ഇന്ത്യയാണ് വരും നാളുകളിലെ മഹാശക്തിയെന്ന് ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ പറയുന്നു. ഭാരതം ശക്തി നേടുന്നത് മറ്റുള്ളവര്‍ക്ക് വേദന നല്‍കാനല്ല, സമാധാനം നല്‍കാനാണ്, അദ്ദേഹം പറഞ്ഞു.
വിശ്വഗുരുപീഠത്തിലിരുന്ന് ഭാരത മാതാവ് ലോകത്തിനാകെ ഇരുകരങ്ങളാല്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അനുഗ്രഹങ്ങള്‍ നല്കുന്ന നാളെയെക്കുറിച്ച് സ്വാമിവിവേകാനന്ദന്‍ പ്രവചിച്ചിട്ടുണ്ട്. സനാതന ധര്‍മ്മം മാത്രമാണ് ഹിന്ദു രാഷ്ട്രമെന്നും ഇതൊരു സൂപ്പര്‍ പവറാകുമെന്നും മഹര്‍ഷി അരവിന്ദനും പ്രഖ്യാപിച്ചു. സത്യത്തിന്റെയും തനിമയുടെയും അടിസ്ഥാനത്തില്‍, അനുകമ്പയോടെ, കഠിനാധ്വാനത്തിലൂടെ രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ സമാജത്തിനാകെ കരുത്ത് പകരാന്‍ ആചാര്യന്മാര്‍ വഴികാട്ടണമെന്ന് സര്‍സംഘചാലക് പറഞ്ഞു.
Discussion about this post