പൂനെ: ആര്‍എസ്എസിന്‍റെ മൂന്നാമത് സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ആശുപത്രിയുടെ ശിലാന്യാസം ഏപ്രിൽ 22ന് നടക്കും. നിര്‍ദിഷ്ട 800 കിടക്കകളുള്ള ആശുപത്രിയുടെയും അത്യാധുനിക കെട്ടിടത്തിന്‍റെയും ശിലാസ്ഥാപനം രാവിലെ 10.30ന് ലേക് ഷാഹിര്‍ അണ്ണാഭാവു സാഠേ ഓഡിറ്റോറിയത്തില്‍ നടക്കും.
സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൂനെ മെഡിക്കല്‍ സര്‍വീസ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് ബാലാസാഹേബ് ദേവറസ് ആശുപത്രി നിര്‍മ്മിക്കുന്നത്. പൂനെ നഗരത്തില്‍ കത്രാജ് ഏരിയയിലെ ഖാദിമെഷീന്‍ ചൗക്കിലാണ് എണ്ണൂറ് കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നതെന്ന് ബാലാസാഹേബ് ദേവറസ് പോളിക്ലിനിക് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ശിരീഷ് ദേശ്പാണ്ഡെയും സെക്രട്ടറി ബദരീനാഥ് മൂര്‍ത്തിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണം 2025ല്‍ പൂര്‍ത്തിയാകും.
സേവനത്തിന് ദേവറസ്ജി നല്‍കിയ ദിശയും ആശയവും കാഴ്ചപ്പാടും കണക്കിലെടുത്താണ് ആശുപത്രിക്ക് അദ്ദേഹത്തിന്‍റെ പേരിടാന്‍ തീരുമാനിച്ചതെന്ന് ശിരീഷ് ദേശ്പാണ്ഡെ പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി, പൂനെ മെഡിക്കല്‍ സര്‍വീസസ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓണററി പ്രസിഡന്റ് ഗോവിന്ദദേവ് ഗിരി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഡാര്‍ പൂനവാല, ആര്‍എസ്എസ് പശ്ചിമ മഹാരാഷ്ട്ര പ്രാന്തസംഘചാലക് നാനാസാഹേബ് ജാദവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
Discussion about this post