ശ്രീനഗര്‍: അഭയാര്‍ത്ഥികളല്ല ഇനി പണ്ഡിറ്റ് സമൂഹമെന്ന പ്രഖ്യാപനവുമായി ശ്രീനഗറില്‍ 576 ഫ്‌ളാറ്റുകള്‍ കൈമാറി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കശ്മീരിലെ വിവിധ വകുപ്പുകളില്‍ ജോലി നല്കി പുനരധിവസിപ്പിച്ച പണ്ഡിറ്റുകള്‍ക്കായി പ്രധാനമന്ത്രി ആവാസ് യോജന വഴിയാണ് പാര്‍പ്പിടങ്ങള്‍ ഒരുക്കിയത്. ബാരാമുള്ള, ബന്ദിപോറ, ഗന്ദര്‍ബാല്‍, ഷോപിയാന്‍ ജില്ലകളിലാണ് പാര്‍പ്പിട സമുച്ചയങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തിലുള്ള 2000 ഫ്‌ളാറ്റുകള്‍ കൂടി സജ്ജമാകുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. പാര്‍പ്പിടസമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ സമൃദ്ധിയും അന്തസ്സും ഉറപ്പാക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ സാക്ഷാത്കാരമാണ് ഇത്. ഓരോ ജീവനക്കാരന്റെയും വേദന ഭരണകൂടം മനസ്സിലാക്കുന്നത്. അവകാശപ്പെട്ടത് പലതും അവര്‍ക്ക് നഷ്ടമായിട്ടുണ്ട്. മുന്‍ഗണന പരിഗണിച്ച് ഓരോരുത്തരുടെ പുനരധിവാസം പൂര്‍ത്തിയാക്കും. ജോലി നല്കുക എന്നതിനപ്പുറം അവര്‍ക്ക് സ്വന്തമായി കൂരയൊരുക്കുക എന്നതും കടമയാണെന്ന് കരുതുന്ന സര്‍ക്കാരാണിത്, അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം. യുവതലമുറയാണ് ഏറ്റവും വലിയ സമ്പത്ത്. ശക്തവും സമൃദ്ധവും ചലനാത്മകവുമായ ജമ്മുകശ്മീര്‍ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ നേതൃത്വം നല്‍കണം. അരാജകവാദവും ദേശവിരുദ്ധതയും കുത്തിനിറച്ചാണ് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തലമുറകളെ നശിപ്പിച്ചത്. സ്വന്തം സഹോദരങ്ങളെയാണ് അവര്‍ ആട്ടിപ്പായിച്ചത്. സംഭവിച്ചത് തെറ്റാണെന്ന് ഇന്ന് ഈ നാടിന് അറിയാം. ഇനി അത് ആര്‍ക്കും സംഭവിക്കില്ല. സംഭവിക്കാന്‍ അനുവദിക്കുകയുമില്ല, മനോജ് സിന്‍ഹ പറഞ്ഞു.
Discussion about this post