‘അരിക്കൊമ്പന്’ ശേഷം കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് സിനിമയെന്നാണ് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഉയർത്തുന്ന വിമർശനം. ഇക്കാരണത്താൽ സിനിമ ബഹിഷ്‌കരിക്കണമെന്നും ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നുമുള്ള വാദങ്ങളും മന്ത്രിമാർ അടക്കം ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അദാ ശർമ്മ.
രണ്ട് മിനിറ്റ് നീളമുള്ള ട്രെയിലർ മാത്രം കണ്ട് ഇത്തരത്തിൽ പ്രതികരിക്കരുതെന്നും എല്ലാവരും സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയണമെന്നുമായിരുന്നു അദാ ശർമ്മയുടെ പ്രതികരണം. കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ഒന്നും തന്നെ ചിത്രീകരിച്ചിട്ടില്ലെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസിലാകുമെന്നും അവർ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
” രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ മാത്രം കണ്ടതിന് ശേഷം വലിയ ചുമതലകളിൽ ഇരിക്കുന്നവർ ഉൾപ്പെടെ നിരവധി മുതിർന്നവർ കേരളാ സ്‌റ്റോറിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. മുതിർന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് അവർക്ക് എല്ലാവിധ ബഹുമാനവും നൽകി പറയുകയാണ്. നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളിൽ നിന്നും രണ്ട് മണിക്കൂർ മാറ്റിവച്ച് സിനിമ കാണാൻ തയ്യാറാവുക. കേരളത്തെ അപകീർത്തിപ്പെടുത്ത രീതിയിൽ ഒന്നും തന്നെ ഞങ്ങൾ സിനിമയിൽ കാണിച്ചിട്ടില്ലെന്ന് നിങ്ങൾക്ക് അപ്പോൾ മനസിലാക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പാണ്. ജയ്ഹിന്ദ്!” അദാ ശർമ്മ കുറിച്ചു.
ഏറ്റവുമധികം പേർ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ കേരളാ സ്റ്റോറി ഇന്ന് ഒന്നാമതാണെന്നും അതിൽ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ്, അജണ്ട, മതം വേഴ്‌സസ് മതം എന്നീ ഉദ്ദേശ്യങ്ങളല്ല കേരളാ സ്റ്റോറിക്കുള്ളത്. അതിനേക്കാൾ ഉപരിയായി നിൽക്കുന്ന ഒന്നുണ്ട്. ജീവിതവും മരണവും. കേരളാ സ്റ്റോറി സംസാരിക്കുന്നത് ഭീകരതയും മനുഷ്യത്വവുമാണ്. ഈ ചിത്രത്തെ പ്രൊപ്പഗണ്ട എന്ന് വിളിക്കുന്നതിലൂടെ ജീവിതം തകർന്ന് തരിപ്പണമായ സ്ത്രീകളുടെ കഥയാണ് അവിടെ കുഴിച്ചുമൂടപ്പെടുന്നതെന്നും അദാ ശർമ്മ പറഞ്ഞു.
Discussion about this post