ചെന്നൈ: അഖണ്ഡഭാരതമെന്ന യാഥാര്‍ത്ഥ്യത്തെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്ക്കാനാവില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് സത്യവും ശാശ്വതവുമാണ്. ഈ സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍ സ്വീകരിക്കണം. അത് വിഭജനങ്ങള്‍ക്ക് അതീതമായ സത്യമാണ്. ഭാരതം ദൈവം സൃഷ്ടിച്ച നാടാണെന്നും അതിനെ വിഭജിക്കാനാകില്ലെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വേവല്‍ പ്രഭു പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്ത് നീലമംഗലം ഗ്രാമത്തില്‍ ശ്രീ ബ്രഹ്‌മയോഗാനന്ദ സ്വാമിജി സ്ഥാപിട്ട ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ഭാരതമാകെ ധര്‍മ്മബോധത്താല്‍ അഖണ്ഡമാണ്. ഒന്നിനും ഇതിനെ വിഭജിക്കാനാവില്ല. സനാതന ധര്‍മ്മത്തിന് മാത്രമേ ലോകത്തെ നയിക്കാനാകൂ എന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു. ഈ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ഭാരതം സൃഷ്ടിക്കപ്പെട്ടത്. സത്യം, ദയ, തപസ്സ്, പരിശുദ്ധി എന്നിവയില്‍ നിന്നാണ് ഭാരതം രൂപപ്പെട്ടത്. രാഷ്ട്രീയവും ധാര്‍ഷ്ട്യവും സ്വേച്ഛാധിപത്യവുമാണ് വിഭജനരേഖകള്‍ വരയ്ക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.
ഭാരതത്തില്‍ വിശ്വസിക്കുക. വിട്ടുപോയവരും അടുത്തേക്ക് വരും. ഭാരതത്തില്‍ വിശ്വസിച്ചവര്‍ പാക്കിസ്ഥാനിലേക്ക് പോയില്ല, അവര്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിച്ചു, ഇവിടെ ജീവിക്കും. സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ വിശ്വസിക്കാതെ വിട്ടുപോയവര്‍ ഇപ്പോള്‍ സന്തുഷ്ടരല്ല, മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാരതീയസമൂഹം ഭിന്നതകളെ മാറ്റിനിര്‍ത്തി ഒറ്റക്കെട്ടാവണം. ഭാഷ, ആഹാരം, ആചാരം, ആരാധന, വേഷം തുടങ്ങിയ വ്യത്യസ്തകളെല്ലാം ഭാരതമെന്ന സത്യത്തിന്റെ വിവിധ രൂപങ്ങളാണ്. സമ്പൂര്‍ണഭാരതമാണ് വിവേകാനന്ദനെയും ദയാനന്ദസരസ്വതിയെയും പോലെയുള്ള മഹത്തുക്കള്‍ മുന്നില്‍ കണ്ടത്. അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള വിത്താണ് 1925-ല്‍ ഡോ. ഹെഡ്‌ഗേവാര്‍ വിതച്ചത്. അതിപ്പോള്‍ വലിയ ആല്‍മരമായി വളര്‍ന്നിരിക്കുന്നു. അഖണ്ഡഭാരതം സാക്ഷാത്കരിക്കാന്‍, ജനങ്ങള്‍ ഉണര്‍ന്നിരിക്കണം, ധര്‍മ്മത്തെ തിരിച്ചറിയണം. ചിന്തകളും പ്രവൃത്തികളും രാജ്യത്തിനായി സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കണം, സര്‍സംഘചാലക് പറഞ്ഞു. റായ്പൂര്‍ ഷദാനി ദര്‍ബാര്‍ തീര്‍ഥിലെ പീഠാധിപതി ഡോ. യുധിഷ്ടിര്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post