ഗാങ്‌ടോക്: സിക്കിമില്‍ പേമാരിയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ അഞ്ഞൂറ് വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. ലാച്ചുങ്ങിലേക്കും ലാച്ചന്‍ താഴ്വരയിലേക്കും യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ മണ്ണിടിച്ചിലില്‍ ചുങ്താങ്ങില്‍ കുടുങ്ങുകയായിരുന്നു.
ചുങ്താങ് എസ്ഡിഎമ്മിന്റെ അഭ്യര്‍ത്ഥനപ്രകാരം, ത്രിശക്തി കോര്‍ സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 216 പുരുഷന്മാരും 113 സ്ത്രീകളും 54 കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇവരെ മൂന്ന് വ്യത്യസ്ത സൈനിക ക്യാമ്പുകളിലേക്ക് മാറ്റി. അവര്‍ക്ക് ചൂടുള്ള ഭക്ഷണവും വസ്ത്രവും നല്‍കിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കായി സൈന്യം അവരുടെ ബാരക്കുകള്‍ ഒഴിഞ്ഞുകൊടുത്തുവെന്ന് സൈനിക വക്താവ് അറിയിച്ചു. എല്ലാ സഞ്ചാരികളുടെയും ആരോഗ്യനില പരിശോധിക്കാന്‍ മൂന്ന് മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post