ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഭീതി പരത്തിയ മണിപ്പൂരിലെ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അക്രമത്തിനിരകളായവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടകള്‍ വേഗം കൂട്ടണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥ തലയോഗത്തില്‍ ആഹ്വാനം ചെയ്തു. അക്രമം ഏറ്റവും നാശം വിതച്ച ചുരാചന്ദ്പൂരില്‍ ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു. എംഎല്‍എ മാരുമായും രാഷ്ട്രീയ സാമൂഹ്യ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി. നാല് ദിവസം പൂര്‍ണമായി മണിപ്പൂരില്‍ ചെലവിട്ട് സമാധാന പ്രക്രിയകള്‍ക്ക് നേതൃത്വം നല്കുകയാണ് അമിത്ഷായുടെ ദൗത്യം.

കുക്കി-മെയ്തിയ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള അക്രമത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്ര-മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിലെ ഒരു അംഗത്തിനും ജോലിയും നല്‍കും. നഷ്ടപരിഹാരത്തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളെ തടസ്സപ്പെടുത്തുന്നത് ഊഹാപോഹങ്ങളുടെ പ്രചരണങ്ങളും കിംവദന്തികളുമാണെന്നും അവ നിയന്ത്രിക്കാന്‍ പ്രത്യേക ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിനും പെട്രോള്‍, എല്‍പിജി ഗ്യാസ്, അരി, മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനും അമിത് ഷാ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാര്‍ ദേക എന്നിവരും അമിത് ഷായെ അനുഗമിക്കുന്നുണ്ട്.
മെയ് 3 ന് നാണ് ചുരാചന്ദ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ കൊല്ലപ്പെട്ടത് എണ്‍പത് പേരാണ്. ഇതിനിടെ കുക്കികളുടെ മറവില്‍ തീവ്രവാദി സംഘടനകള്‍ നടത്തുന്ന സായുധാക്രമണവും പ്രശ്‌നമായി. കഴിഞ്ഞ ദിവസം നാല്പത് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തിയിരുന്നു. 25 പേരെ അറസ്റ്റ് ചെയ്തു. വന്‍ ആയുധശേഖരവും പിടികൂടിയിരുന്നു.
Discussion about this post