ന്യൂദല്‍ഹി: സ്ത്രീ സുരക്ഷ മാതൃശക്തിയുടെ കരങ്ങളിലാണെന്ന് രാഷ്ട്ര സേവിക സമിതി പ്രമുഖ് കാര്യവാഹിക സീതാ അന്നദാനം. കരുത്തുള്ള യുവാക്കളെ സ്ത്രീസുരക്ഷയുടെ പാഠങ്ങള്‍ പഠിപ്പിക്കേണ്ടത് അമ്മമാരുടെ ചുമതലയാണെന്ന് അവര്‍ പറഞ്ഞു. സേവികാസമിതി സ്ഥാപക ലക്ഷ്മിഭായ് കേല്‍ക്കറുടെ 118-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഹന്‍സ്രാജ് കോളേജില്‍ മേധാവിനി സിന്ധു സൃജന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യതാത്പര്യത്തിന് വേണ്ടി സ്വയംസമര്‍പ്പിക്കുന്ന സമൂഹമുണ്ടാകുമ്പോഴാണ് രാഷ്ട്രം പുരോഗതി പ്രാപിക്കുകയെന്ന് സീതാ അന്നദാനം പറഞ്ഞു. പുരുഷന്‍ കുടുംബ രഥത്തിലെ പോരാളിയും സ്ത്രീ സാരഥിയുമാണ്. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ സാരഥിയായിരുന്നതുപോലെയാണത്. സ്ത്രീ ബഹുമാനിക്കപ്പെടണം. ഭാരതത്തിലെ സ്ത്രീകളെ ആരെങ്കിലും വന്ന് രക്ഷിക്കേണ്ടതില്ല. അതിനുള്ള ആത്മശക്തി അവരില്‍ അന്തര്‍ലീനമാണ്. അതിനെ ഉണര്‍ത്തുകയാണ് രാഷ്ട്രസേവികാ സമിതിയിലൂടെ ലക്ഷ്മിബായ് കേല്‍ക്കര്‍ ചെയ്തത്, പ്രമുഖ് കാര്യവാഹിക പറഞ്ഞു.
പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സാധ്വി ഋതംഭര സ്ത്രീ പൂര്‍ണതയുള്ളവളാണെന്ന ചൂണ്ടിക്കാട്ടി. കടമകളെക്കുറിച്ച് ബോധവതിയായ സ്ത്രീ ലോകത്തിന് ദിശ കാണിക്കുമെന്ന് അവര്‍ പറഞ്ഞു.
ലക്ഷ്മിബായ് കേല്‍ക്കറുടെ ജീവിതം മാതൃകാപരമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ പറഞ്ഞു. സ്ത്രീ പുരുഷ വിവേചനം തെറ്റാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു സ്ത്രീക്ക് ദൈവമാകാന്‍ കഴിയില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ത്യയില്‍, ശക്തിയും ജ്ഞാനവും സമൃദ്ധിയും സ്ത്രീകളാണ്, ദൈവങ്ങള്‍ പോലും പരാജയപ്പെടുമ്പോള്‍ സ്ത്രീകളുടെ ശക്തിയാണ് അവരെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേധാവിനി സിന്ധു സൃജന്‍ പുറത്തിറക്കിയ ‘ഹിന്ദു പ്രകാശ് മേ മഹിളാ വിമര്‍ശന്’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
Discussion about this post