ഇംഫാൽ: പിഴവുകൾ മറക്കുകയും തെറ്റുകൾ പൊറുക്കുകയും ചെയ്ത് സമാധാനത്തിന്റെ വഴി തുറക്കാനുള്ള അവസരത്തിന് ഒരുമിക്കണമെന്ന് കുക്കി വിഭാഗം നേതാക്കളോട് മണിപ്പൂർ മുഖ്യമന്ത്രി ഡോ.എൻ. ബിരേൻസിങ്. നേതാക്കളോട് ഫോൺ വഴി സംസാരിച്ച മുഖ്യമന്ത്രി എന്നത്തെയും പോലും ഒരുമിച്ച് ഒരു ജനതയായി ജീവിക്കാനുള്ള വഴി തുറക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു. സംഘർഷം മണിപ്പൂർ ജനതയുടെ സൃഷ്ടിയല്ല. മ്യാൻമറിൽ നിന്നടക്കം നുഴഞ്ഞുകയറിയവരും അവർക്ക് ആയുധങ്ങൾ നല്കുന്ന വൈദേശിക ശക്തികളും ഇതിന് പിന്നിലുണ്ട്, ബിരേൻസിങ് വാർത്താ ഏജൻസിക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങൾ എല്ലാ തലങ്ങളിലും എല്ലാ ശ്രമങ്ങളും നടത്തുന്നു. ഞാൻ കുക്കി സഹോദരന്മാരുമായി സംസാരിച്ചു, നമുക്ക് ക്ഷമിക്കാം, മറക്കാം, അനുരഞ്ജനത്തിലാകാം. എന്നത്തേയും പോലെ ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞു. മ്യാൻമർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പുറത്ത് നിന്ന് വരുന്ന ആളുകളെ തിരിച്ചറിയാനും സാഹചര്യം മെച്ചപ്പെട്ടാൽ അവരെ തിരിച്ചയക്കാനും മാത്രമാണ് സർക്കാർ ശ്രമിച്ചത്. മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന, അദ്ദേഹം പറഞ്ഞു.
അക്രമങ്ങൾ നടന്ന തെരുവിൽ രാത്രി ജനങ്ങളെ കാണാനിറങ്ങിയ എന്നെ അവരിൽ ചിലർ അധിക്ഷേപിച്ചു. സ്വന്തം ജനങ്ങൾ അധിക്ഷേപിക്കുന്ന ഒരു ഭരണാധികാരിക്ക് തുടരാൻ അവകാശമില്ലെന്ന് തോന്നിയപ്പോൾ രാജിക്ക് തീരുമാനിച്ചു. എന്നാൽ എന്റെ തോന്നൽ തെറ്റായിരുന്നുവെന്ന് അടുത്ത പുലർച്ചെ ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. അവർ ഇപ്പോഴും എന്നിൽ വിശ്വസിക്കുന്നു, എന്നെ പ്രതീക്ഷിക്കുന്നു. അവർ പറയും വരെയും ഈ സ്ഥാനത്ത് തുടരും, അദ്ദേഹം പറഞ്ഞു.
മണിപ്പൂർ ഒരു ചെറിയ സംസ്ഥാനമാണ്, ഇവിടെ 34 ഗോത്രങ്ങളുണ്ട്, ഈ 34 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം, പുറത്ത് നിന്ന് അധികം ആളുകൾ വരുന്നത് നമ്മൾ കരുതണം. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മണിപ്പൂരിനെ തകർക്കാനോ പ്രത്യേക ഭരണം അനുവദിക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വാക്ക് നല്കുന്നു. എല്ലാവരെയും ഒന്നായി നിലനിർത്താൻ എന്ത് ത്യാഗത്തിനും ഞാൻ തയാറാണ്, ജനങ്ങളോടായുള്ള സന്ദേശത്തിൽ ബീരേൻസിങ് പറഞ്ഞു.
അക്രമങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. “അക്കാര്യത്തിൽ ഞാൻ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. മെയ്തേയ് സമുദായത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം ചോദിച്ചിരുന്നു. നാലാഴ്ച സമയം ഉണ്ടായിരുന്നു, പക്ഷേ അതിനിടയിലാണ് ഇതെല്ലാം സംഭവിച്ചത്.”
മണിപ്പൂരിന്റെ തൊട്ടടുത്താണ് മ്യാന്മര്‍. അടുത്ത് ചൈനയുണ്ട്. നമ്മുടെ അതിർത്തിയിൽ 398 കിലോമീറ്റർ പഴുതുകളുള്ളതും സുരക്ഷയില്ലാത്തതുമാണ്. ഇന്ത്യൻ സുരക്ഷാ സേന കാവലുണ്ട്, പക്ഷേ ഇത്രയും വലിയ പ്രദേശത്തിന് സമഗ്രമായ കാവൽ ഏർപ്പെടുത്തുന്നതിന് നമുക്ക് പരിമിതിയുണ്ട്. സംഭവിക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ ഒന്നും നിഷേധിക്കാനോ എന്നാൽ ഉറപ്പിക്കാനോ കഴിയില്ല. സംഘർഷത്തിന് പിന്നിൽ ആസൂത്രണമുണ്ടെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ടെന്നും ബീരേൻ സിങ് വ്യക്തമാക്കി.
Discussion about this post