ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മഗ്രന്ഥങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരായ ഗോരഖ്പൂര്‍ ഗീത പ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ഒരു വര്‍ഷം മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 1923ല്‍ ജയദയാല്‍ ഗോയങ്കയാണ് പ്രസ് സ്ഥാപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗാന്ധി പീസ് പുരസ്‌കാരം ഗീത പ്രസിനെ തേടിയെത്തിയ ബഹുമതികളില്‍ അവസാനത്തേതാണ്. പുരസ്‌കാരം ആദരവാണെന്നും അത് സ്വീകരിക്കുമെന്നും എന്നാല്‍ പുരസ്‌കാരത്തുകയായ ഒരു കോടി രൂപ വേണ്ടെന്നുമായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തോടുള്ള ഗീത പ്രസ് അധികൃതരുടെ പ്രതികരണം. വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന നിലപാടുകളുടെ ഭാഗമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, പ്രമുഖ സംന്യാസിവര്യന്മാരുടെ പ്രഭാഷണങ്ങള്‍, സ്വഭാവ രൂപീകരണത്തിനുള്ള പുസ്തകങ്ങള്‍ എന്നിവ ജനങ്ങളിലെത്തിച്ചാണ് ഗീത പ്രസ് പ്രസാധകരംഗത്ത് നിലയുറപ്പിച്ചത്. പ്രസിന്റെ ആര്‍ക്കൈവില്‍ ഭഗവദ്ഗീതയുടെ നൂറിലധികം വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടെ 3,500ലധികം കൈയെഴുത്തുപ്രതികളാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രസിദ്ധീകരണങ്ങളില്‍ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയോ പരസ്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നതും ഗീത പ്രസിന്റെ സവിശേഷതയാണ്.
15 ഭാഷകളിലായി 1850 പുസ്തകങ്ങളുടെ 93 കോടിയിലധികം കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഭഗവദ് ഗീതയുടെ മാത്രം 16.21 കോടി കോപ്പികള്‍. സന്ത് തുളസീദാസിന്റെ കൃതികളുടെ 11.73 കോടി കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. മൂന്നു രൂപ വിലയുള്ള ഹനുമാന്‍ ചാലിസയും 400 രൂപ വിലയുള്ള ശ്രീശിവമഹാപുരാണവുമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.
ഗീത പ്രസിന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ 20 വ്യാപാര വില്‍പനശാലകളുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലടക്കം 52 റെയില്‍വേ സ്റ്റേഷനുകളില്‍ സ്വന്തം വില്‍പനകേന്ദ്രങ്ങള്‍, സഞ്ചരിക്കുന്ന പുസ്തകശാലകള്‍, ഇന്ത്യയിലും വിദേശത്തുമായി 2500ലധികം പുസ്തക വില്‍പ്പനക്കാര്‍ പുറമെ ഓണ്‍ലൈന്‍ പുസ്തക വില്‍പനയും സജീവമാണ്. കല്യാണ്‍ എന്ന പേരില്‍ ഗീത പ്രസ് പുറത്തിറക്കുന്ന മാസികയ്ക്ക് രണ്ട് ലക്ഷത്തിനടുത്താണ് വരിക്കാര്‍.
Discussion about this post