ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്ഷേത്ര കണ്‍വന്‍ഷനും പ്രദര്‍ശനവും ജൂലൈ 22 മുതല്‍ 24 വരെ വാരാണസിയിലെ രുദ്രാക്ഷ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കും. ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധി, ഗോവ മന്ത്രി രോഹന്‍ എ ഖൗന്ദെ, തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ്മ റെഡ്ഢി തുടങ്ങിയവര്‍ പങ്കെടുക്കും.
ടെമ്പിള്‍ കണക്റ്റ് (ഇന്ത്യ) സംഘടിപ്പിച്ച, മഹാസമ്മേളനം ആഗോള തലത്തില്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിനു വേണ്ടി മാത്രമായി സമര്‍പ്പിച്ച ആദ്യ ചടങ്ങാണ്. ക്ഷേത്ര ഭരണം, പരിപാലനം, എന്നിവ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന ചടങ്ങാണിത്. ടെമ്പിള്‍ കണക്റ്റ് സ്ഥാപകന്‍ ഗിരീഷ് കുല്‍ക്കര്‍ണിയാണ് ആശയാവിഷ്‌കാരം. കേന്ദ്ര സര്‍ക്കാരിന്റെ വിനോദസഞ്ചാര മന്ത്രാലയം പരിപാടിക്ക് പിന്തുണയും നല്‍കുന്നുണ്ട്.
സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ക്ലാസുകള്‍ എന്നിവയിലൂടേയാണ് ഇത് നടപ്പില്‍ വരുത്തുക. ക്ഷേത്ര സുരക്ഷ, കാവല്‍, നിരീക്ഷണം, ഫണ്ട് കൈകാര്യം ചെയ്യല്‍, ദുരന്ത പരിപാലനം, ശുചീകരണം, ശുചിത്വം എന്നിവയ്ക്ക് പുറമേ സൈബര്‍ ആക്രമണങ്ങള്‍ പോലുള്ളവയ്ക്കെതിരെ നിര്‍മ്മിത ബുദ്ധി(എഐ) ഉപയോഗിക്കല്‍ എന്നിവയും കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.
ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളിലെ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ട്രസ്റ്റുകള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ആദ്യ പരിപാടി. കാശി വിശ്വനാഥ മന്ദിര്‍, മഹാകാല്‍ ജ്യോതിര്‍ലിംഗ്, അയോദ്ധ്യ രാം മന്ദിര്‍, പാറ്റ്ന സാഹിബ് ഗുരുദ്വാര, ചിദംബരം ക്ഷേത്രം, ഹമ്പിയിലെ വിരൂപാക്ഷ ക്ഷേത്രം എന്നിവയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും പ്രസക്തമായ വിഷയങ്ങളെ കുറിച്ചുള്ള മറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കുക.
Discussion about this post