ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി റോഡില്‍ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല, സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികള്‍ രക്ഷപ്പെടില്ല,’ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
മണിപ്പൂരിലെ സംഭവങ്ങള്‍ തനിക്ക് അങ്ങേയറ്റം ക്രോധവും ലജ്ജയും ഉണ്ടാക്കുന്നു . സഹോദരിമാരെ ബലാത്സംഗം ചെയ്തവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു . നമ്മുടെ പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. അക്രമികള്‍ക്ക് ഒരിക്കലും മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കലാപം കത്തുന്ന മണിപ്പുരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്‌നയാക്കി റോഡില്‍ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. രണ്ടുസ്ത്രീകളെയും ആള്‍ക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കുക്കി സംഘടന ഐടിഎല്‍എഫാണ് ആരോപിച്ചത്. സ്ത്രീകളെ നഗ്‌നയാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങള്‍ക്കു മുന്‍പു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്‌നരായ 2 സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎല്‍എഫ് ആരോപിച്ചു.
Discussion about this post