ന്യൂദല്‍ഹി: പുതിയ കാലത്തെ തൊഴിലാളികള്‍ക്കായി പുതിയ നയങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയിലെയും തൊഴിലാളികളെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ പ്രവീണരാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ഇത് വേഗത്തിലുള്ള വികസനത്തിന് രാജ്യത്തെ പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്‍ഡോറില്‍ ചേര്‍ന്ന ജി20 തൊഴില്‍ മന്ത്രിമാരുടെ യോഗത്തെ വിര്‍ച്വലായി അഭിവാസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘സ്‌കില്ലിങ്, റീ-സ്‌കില്ലിങ്, അപ്സ്‌കില്ലിങ് എന്നിവയാണ് ഭാവിയിലെ തൊഴിലാളികളുടെ മന്ത്രങ്ങള്‍. ഭാരതത്തില്‍ നടപ്പാക്കുന്ന സ്‌കില്‍ ഇന്ത്യ മിഷന്‍ ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിനായുള്ള കാമ്പയിനാണ്, പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ ശക്തി ഒരിടത്തുമാത്രം ഒതുങ്ങേണടതല്ല. ആഗോളതലത്തില്‍ രാജ്യങ്ങള്‍ ഇതും കൈമാറുന്ന കാലം വിദൂരമല്ല. അതുകൊണ്ടുതന്നെ നൈപുണ്യ വികസനവും കര്‍തൃത്വശേഷിയുടെ പങ്കുവയ്ക്കലും ആഗോളവല്‍ക്കരിക്കേണ്ട സമയമാണിത്. ജി 20 ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കണം. നൈപുണ്യവും യോഗ്യതയും അനുസരിച്ച് തൊഴിലുകളെപ്പറ്റി അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യാനുള്ള ജി 20 ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് ഭാരതത്തിന്റെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും മറ്റ് തൊഴിലാളികളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അത്ഭുതകരമാണ്. അവര്‍ സമര്‍പ്പണമനോഭാവത്തിലൂടെ സേവനത്തിന്റെയും അനുകമ്പയുടെയും സംസ്‌കാരത്തെ ലോകത്തിനുമുന്നില്‍ പ്രതിഫലിപ്പിച്ചു. ഏറ്റവും വിദഗ്ധരായ തൊഴിലാളികളെ ലോകത്തിന് നല്‍കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post