ബെംഗളൂരു: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ സഹസര്‍കാര്യവാഹുമായ മദന്‍ദാസ് ദേവി അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5ന് ബെംഗളൂരു രാഷ്‌ട്രോത്ഥാന ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എബിവിപി ദേശീയ സംഘടനാ സെക്രട്ടറി എന്ന ചുമതല വഹിച്ചിരുന്നു. എബിവിപിയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ സംഘപ്രചാരകനാണ് മദന്‍ദാസ് ദേവി.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകൃപയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ദേഹത്തില്‍ സമൂഹത്തിന്റെ വ്യത്യസ്തമേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലിന് ശേഷം ഭൗതികദേഹം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. പൂനെയില്‍ ഇന്ന് രാവിലെ 11 നാണ് സംസ്‌കാരം.
1942 ജൂലൈ 9 ന് മഹാരാഷ്ട്രയിലെ സോലാപൂരിലാണ് മദന്‍ ദാസ് ദേവി ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, 1959ല്‍ പൂനെയിലെ ബിഎംസിസി കോളജില്‍ പ്രവേശനം നേടി. എംകോമിന് ശേഷം ഐഎല്‍എസ് ലോ കോളേജില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ എല്‍എല്‍ബി. പിന്നീട് സിഎ എടുത്തു. ജ്യേഷ്ഠനായ ഖുഷാല്‍ദാസ് ദേവിയുടെ പാത പിന്‍തുടര്‍ന്നാണ് അദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് എത്തിയത്.
1966ല്‍ എബിവിപിയുടെമുംബൈ ഘടകം സെക്രട്ടറിയായി. 1968ല്‍ കര്‍ണാവതിയില്‍ ചേര്‍ന്ന് എബിവിപി ദേശീയ കണ്‍വെന്‍ഷനോടെ അദ്ദേഹം പശ്ചിമാഞ്ചല്‍ മേഖലയിലെ സംഘടനാ കാര്യദര്‍ശി എന്ന നിലയില്‍ പൂര്‍ണസമയപ്രവര്‍ത്തകനായി. 1970ല്‍ തിരുവനന്തപുരത്തു ചേര്‍ന്ന സമ്മേളനത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി എന്ന ചുമതലയേറ്റെടുത്തു. 1992 വരെ ദേശീയ സംഘടനാ സെക്രട്ടറിയായി തുടര്‍ന്നു. ശേഷം ആര്‍എസ്എസിന്റെ ചുമതലയിലേക്ക് എത്തിയ മദന്‍ദാസ് 1992 മുതല്‍ 94 വരെ അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖായും 1994 മുതല്‍ സഹ സര്‍കാര്യവാഹുമായിരുന്നു.
നഷ്ടമായത് വഴികാട്ടിയായിരുന്ന സഹപ്രവര്‍ത്തകനെയാണ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നിരവധി പ്രമുഖര്‍ മദന്‍ദാസ് ദേവിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Discussion about this post