ലഡാക്ക്: അഭിമാനം സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും രാജ്യം തയ്യാറാണ്. അതിനായി ഇനി നിയന്ത്രണരേഖ മറികടക്കാനും ഇന്ത്യ തയ്യാറാണ്. അത്തരമൊരു അവസരത്തിൽ സേനയ്‌ക്കൊപ്പം നിൽക്കാൻ രാജ്യവും ജനതയും സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഗിലിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ- യുക്രൈൻ യുദ്ധത്തെ ഉദാഹരിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ പൗരന്മാരുടെ പങ്ക് അദ്ദേഹം ഉന്നിപ്പറഞ്ഞു. ‘എന്റെ കർത്തവ്യത്തിന് മരണം തടസ്സമായാലും ഞാൻ മരണത്തെയും കൊല്ലും’ എന്ന ക്യാപ്റ്റൻ മനോജ് പാണ്ഡെയുടെ വാക്കുകളെ ആർക്കാണ് മറക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
1999-ൽ കാർഗിലിൽ രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ കാണിച്ച ധീരത ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും അതിശൈത്യത്തിൽ പോലും നമ്മുടെ സൈനികർ തോക്കുകൾ താഴ്‌ത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘യുദ്ധം രണ്ട് സൈന്യങ്ങൾ തമ്മിലുള്ളതല്ല. രണ്ട് രാഷ്‌ട്രങ്ങൾ തമ്മിലുള്ളതാണ്. 1999 ജൂലൈ 26ന് യുദ്ധം ജയിച്ചിട്ടും നമ്മുടെ സൈന്യം നിയന്ത്രണരേഖ കടന്നില്ലെങ്കിൽ അത് നമ്മൾ സമാധാനപ്രിയരായതുകൊണ്ടാണ്. ഇന്ത്യൻ മൂല്യങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടും അന്താരാഷ്‌ട്ര നിയമത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടുമാണ്. ആ സമയത്ത് നിയന്ത്രണ രേഖ കടന്നില്ലെങ്കിൽ അതിനർത്ഥം അതിന് സാധിക്കില്ല എന്നല്ലെന്നും, ആവശ്യമെങ്കിൽ ഭാവിയിൽ നിയന്ത്രണരേഖ മറികടക്കാൻ തായ്യാറാണെന്നും. ഇത് താൻ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കാർഗിൽ യുദ്ധം ഇന്ത്യയ്‌ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ആ സമയത്ത് ഇന്ത്യ പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. നമ്മുടെ ദേശീയ താൽപര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ സൈന്യം ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഓപ്പറേഷൻ വിജയ് സമയത്ത്, ഇന്ത്യൻ സൈന്യം പാകിസ്താന് മാത്രമല്ല ലോകത്തിനാകെ സന്ദേശം നൽകിയെന്നും ഇന്നും നമ്മുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കർഗിൽ വിജയ് ദിവസിൽ പറഞ്ഞു.
Discussion about this post