സമ്പൂർണ്ണ പോഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിലുമായി 47 കോടി രൂപ അനുവദിച്ചു എന്നും , നിലവിലെ വിവരങ്ങൾ പ്രകാരം ഈ തുകയിൽ 21 കോടിയോളം രൂപ സംസ്ഥാനം ചെലവഴിച്ചിട്ടില്ല എന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി പി. ടി. ഉഷ എം പി യെ രാജ്യ സഭയിൽ നേരിട്ട് നൽകിയ മറുപടിയിലൂടെ അറിയിച്ചു.
കേരളത്തിൽ ആറുമാസം വരെയുള്ള 111517 ശിശുക്കളും, ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള 848413 കുട്ടികളും, മൂന്ന് വയസ്സിനും ആറ് വയസ്സിനും ഇടയിൽ പ്രായമുള്ള 1115137 കുട്ടികളും, 142621 ഗർഭിണികളും, 121002 മുലയൂട്ടുന്ന അമ്മമാരും പോഷൺ അഭിയാൻ പദ്ധതിയുടെ കേരളത്തിലെ നാളിതുവരെയുള്ള ഗുണഭോക്താക്കളാണെന്ന് മന്ത്രിയുടെ മറുപടിയിൽനിന്ന് വ്യക്തമാകുന്നു.
ഒപ്പം തന്നെ രാജ്യത്തിൻറെ ഭാവിതലമുറയുടെ ആരോഗ്യമുള്ള വളർച്ച ഉറപ്പു വരുത്തുന്ന അതീവ പ്രാധാന്യമുള്ള പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതിയായ പോഷൺ അഭിയാൻ പദ്ധതിയെക്കുറിച്ച് വിശദമായി ചോദ്യം ഉന്നയിച്ച പി ടി ഉഷ എംപിയെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഉത്തരം നൽകുന്ന വേളയിൽത്തന്നെ രാജ്യസഭയിൽ വെച്ച അഭിനന്ദിക്കുകയും ചെയ്‌തു.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കുമായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പോഷൻ അഭിയാൻ. ഗുണഭോക്താക്കൾക്കിടയിലെ പോഷകാഹാരക്കുറവ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പോഷൺ ട്രാക്കർ എന്ന ആപ്ലിക്കേഷൻ അങ്കണവാടികളിൽ നടപ്പിലാക്കിയിട്ടുണ്ട്. 2021 മാർച്ച് ഒന്നിനാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇതിലൂടെ എല്ലാ അങ്കണവാടികളേയും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഡിജിറ്റൽ അങ്കണവാടികളിൽ മൊബൈൽ സൗകര്യം ഏർപ്പെടുത്തിയതോടെയാണ് ഇതിന് തുടക്കമിട്ടത്. അങ്കണവാടികൾ ഡിജിറ്റലായതോടെ അവിടെ ഉപയോഗിക്കുന്ന ഫിസിക്കൽ രജിസ്റ്ററുകൾ ഇതിലൂടെ സൂക്ഷിക്കാം ഒപ്പം ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ ആപ്പ് സഹായിച്ചിട്ടുണ്ട്.
പോഷൻ അഭിയാൻ പദ്ധതി നടപ്പിലായതിനെ തുടർന്ന് 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പോഷകാഹാര സൂചകങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് 2019ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ വ്യക്തമാക്കുന്നത്. 2015ൽ 38.4 ശതമാനമായിരുന്ന പോഷകാഹാരക്കുറവ് 35.5 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒപ്പംതന്നെ പോഷൺ അഭിയാൻ പദ്ധതി പ്രകാരം മാതാക്കളുടെയും കുട്ടികളുടെയും ആരോഗ്യപരമായ ഭക്ഷണക്രമം രൂപീകരിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തുന്നതിനും, ചെലവ് കുറഞ്ഞ പോഷക മൂല്യമുള്ള പ്രാദേശികമായി ലഭിക്കുന്ന വിവിധ തരം ചെടികൾ മറ്റു ഭക്ഷ്യ വർഗ്ഗങ്ങൾ എന്നിവ അങ്കണവാടികളുടെയും വീടുകളുടെയും പരിസരത്തു തന്നെ നടുന്നതിനും അടുക്കളത്തോട്ടങ്ങൾ സ്ഥാപിക്കുന്നതും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ ഫലമായി രാജ്യത്തെങ്ങുമുള്ള ആറര ലക്ഷത്തോളം അങ്കണവാടികളിൽ പോഷണ വാടികകൾ (പോഷക വസ്തുക്കൾ അടങ്ങിയ ചെറു ചെടികളുടെ തോട്ടങ്ങൾ ) സ്ഥാപിച്ചു എന്നും മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കി. നവീകരിച്ച പോഷണപദ്ധതി പ്രകാരം സൂക്ഷ്മ പോഷകവസ്തുക്കൾ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. ഇതോടൊപ്പം തന്നെ അങ്കണവാടികളിൽ നൽകുന്ന ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്താനും നിർദേശം നൽകിയതായും, അധിക പോഷണം ഉറപ്പുവരുത്താൻ വേണ്ടി പോഷകവസ്തുക്കൾ ഉൾപ്പെടുത്തിയ അരി വിതരണം ചെയ്യാൻ വേണ്ടി സംസ്ഥാനങ്ങൾക്കു നൽകിയതായും ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണം അങ്കണവാടികളിൽ കൂടി നിർബന്ധമായും നൽകാൻ നിർദേശം നൽകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.
Discussion about this post