ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ‘ഭസ്മ ആരതി’ നടത്തി. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയായ ഇന്ന് പുലർച്ചെയാണ് ആരതി നടത്തിയത്. ഉത്തരേന്ത്യയിൽ പരമശിവനെയും പാർവതി ദേവിയെയും വളരെ ഭക്തിയോടും സമർപ്പണത്തോടും കൂടി ആരാധിക്കുന്ന മാസമാണ് ശ്രാവണമാസം. ഈ മാസത്തിലെ അവസാന തിങ്കളാഴ്ച നടത്തപ്പെടുന്ന ഭസ്മ ആരതി അതിവിശിഷ്ടമാണ്.
മഹാകാലേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങ് ഭസ്മ ആരതിയാണ്. ശിവനെ പൂജിക്കാൻ ഭസ്മമാണ് ഉപയോഗിക്കുന്നത്. ശിവൻ മഹാകാലരൂപത്തിൽ ദേഹമാസകലം ചാരം പുരട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നതിനാൽ ഭസ്മം ഭഗവാന് സമർപ്പിക്കുന്നു.
അത്യധികം ശുഭകരമായാണ് ഭസ്മ ആരതി ചടങ്ങിനെ കണക്കാക്കപ്പെടുന്നത്. അതിരാവിലെയാണ് ഭസ്മ ആരതി സാധാരണ നടക്കുന്നത്. ഇത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ മാത്രമാണ് ശിവന്റെ ഭസ്മ ആരതി നടത്തുന്നത്.
ഭാരതത്തിലെ ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലങ്ങളെന്ന് പറയപ്പെടുന്ന ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്.
മഹാകാലേശ്വരൻ എന്ന പേരിലാണ് ഭഗവാൻ ഇവിടെ അറിയപ്പെടുന്നത്. പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേന മഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം.
മഹാകലേശ്വർ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ. കൂടാതെ പ്രസിദ്ധമായ മഹാകാളി ക്ഷേത്രവും ഉജ്ജയിനിയിൽ കാണാവുന്നതാണ്. മഹാകാലന്റെ ശക്തിയാണ് മഹാകാളി എന്ന് വിശ്വസിക്കപ്പെടുന്നു.
Discussion about this post