ന്യൂഡൽഹി: രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിലാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ സിറ്റി സെന്ററുകളായി മാറുക. വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് മുന്നോടിയായാണ് നവീകരണം. അമൃതകാലത്തിന്റെ അടയാളപ്പെടുത്തലായി ഈ സുപ്രധാന ചുവടുവെപ്പ് മാറും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ ഇന്നേ ദിനം അടയാളപ്പെടുത്തും. പുതിയ ഊർജവും പ്രചോദനവും തീരുമാനങ്ങളുമുണ്ട്, ഈ ആവേശം ഇനിയും അലയടിക്കും-ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ പ്രധാന 1300 പ്രധാന റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി, ഘട്ടം ഘട്ടമായി നവീകരിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള റെയിൽവേ സ്റ്റേഷനുകളെ അത്യാധുനികമായി നവീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഇതിന്റെ ആരംഭമേന്നോണമാണ് 508 റെയിൽവേ സ്‌റ്റേഷനുകളുടെ ശിലാസ്ഥാപനം. ഇതിനായി 25,000 കോടി രൂപയാണ് ചെലവഴിക്കുക. അടിസ്ഥാന സൗകര്യ വികസനത്തിൽ എത്രമാത്രം ബൃഹത് പദ്ധതിയ്‌ക്കാണ് തിരി തെളിഞ്ഞതെന്ന് ഇതിലൂടെ വ്യക്തമാകും. സാധാരണക്കാരുടെ പൊതുഗതാഗതമെന്ന നിലയിൽ ട്രെയിനുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യെമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ കണ്ണും കാതും ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം അത്രമാത്രം വർദ്ധിച്ചിട്ടുണ്ട്. ഭാരതത്തിനോടുള്ള ലോകത്തിന്റെ സമീപനത്തിൽ തന്നെ മാറ്റം വന്നിട്ടുണ്ട്. 30 വർഷത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഭൂരിപക്ഷമുള്ള സർക്കാർ അധികാരത്തിലേറിയത്. അതിന് ശേഷമാണ് രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനായത്. അതുവഴി രാജ്യത്തെ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിലുള്ള വിശ്വാസം വർദ്ധിച്ചു. ഇത് ആഗോള തലത്തിലും പ്രതിഫലിച്ചു- നരേന്ദ്രമോദി വ്യക്തമാക്കി.
കേരളത്തിലും വിപുലമായ പരിപാടികളാണ് ശിലാസ്ഥാപനത്തിന്റെ ഭാഗമായി നടക്കുന്നത്. മലബാറിന്റെ റെയിൽവേ സ്വപ്‌നങ്ങൾക്ക് ഉണർവ് നൽകുകയാണ് അമൃത് ഭാരത് പദ്ധതി. കേരളത്തിൽ 35 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ ശിലാസ്ഥാപനച്ചടങ്ങാണ് ഇന്ന് നടക്കുന്നത്. ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, നാഗർകോവിൽ എന്നീ സ്റ്റേഷനുകളിൽ രാവിലെ എട്ട് മുതൽ ആഘോഷം ആരംഭിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉൾപ്പെടെയുള്ള കലകളുമുണ്ട്. ഓരോ സ്റ്റേഷനിലും മന്ത്രിമാർ, എംപിമാർ ഉൾപ്പട്ട ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.
Discussion about this post