ഖണ്ഡ്വ(മധ്യപ്രദേശ്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ ശിവലിംഗവുമായി ഓംകാരേശ്വര യാത്ര 18ന് പുറപ്പെടും. നര്‍മദയില്‍ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തില്‍, ശ്രീരാംലാലയുടെ വിഗ്രഹത്തിന് ചുറ്റും സ്ഥാപിക്കുന്ന ആറ് ക്ഷേത്രങ്ങളിലൊന്നില്‍ നര്‍മ്മദാ നദിയില്‍ നിന്ന് ലഭിച്ച ഈ പ്രകൃതിദത്ത ശിവലിംഗം പ്രതിഷ്ഠിക്കും.
ശ്രീരാമക്ഷേത്രത്തില്‍ നര്‍മദേശ്വരനെയും പ്രതിഷ്ഠിക്കുന്നുവെന്ന വാര്‍ത്ത അഭിമാനത്തോടെയാണ് നര്‍മ്മദാതടവാസികള്‍ ഏറ്റുവാങ്ങുന്നതെന്ന് ശിവലിംഗയാത്രയ്ക്ക് നേതൃത്വം നല്കുന്ന സ്വാമി നര്‍മ്മദാനന്ദ് ബാപ്ജി പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് നര്‍മ്മദയില്‍ നിന്ന് യോഗ്യമായ ശിവലിംഗം കണ്ടെടുത്തത്. നിലവില്‍ നര്‍മ്മദാതീരത്തെ ഓംകാരേശ്വറില്‍ ഈ ശിവലിംഗത്തെ പൂജാവിധികളോടെ ആരാധിക്കുന്നു. 18 ന് ഓംകാരേശ്വര ക്ഷേത്രത്തില്‍ നിന്ന് പ്രത്യേക രഥത്തില്‍ അയോധ്യയിലേക്ക് ശിവലിംഗം കൊണ്ടുപോകും. 23ന് രഥം അയോധ്യയിലെത്തിച്ചേരും.
രാമമന്ദിരം രാഷ്ട്രമന്ദിരമാണെന്നും അതിന്റെ ഭാഗമായാണ് രാഷ്ട്രത്തിന്റെ എല്ലാ കോണില്‍ നിന്നും പവിത്ര തീര്‍ത്ഥങ്ങളും ബിംബങ്ങളും അയോധ്യയിലേക്ക് എത്തിക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും രാമക്ഷേത്രത്തിനായി നിധി സമാഹരണം നടന്നു. എല്ലാ സമ്പ്രദായങ്ങളില്‍ പെട്ട ആചാര്യന്മാരും ദേശ, ഭാഷാ ഭേദമില്ലാതെ അയോധ്യയിലെത്തി. രാജ്യത്തെ എല്ലാ നദികളിലെയും ജലത്താല്‍ അഭിഷേകം ചെയ്ത ഭൂമിയിലാണ് ക്ഷേത്രനിര്‍മ്മാണം നടക്കുന്നത്. ക്ഷേത്രനിര്‍മ്മാണത്തിനായി എല്ലാ ഭാഗങ്ങളില്‍ നിന്നും സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്.
നേപ്പാളില്‍ നിന്ന് സാളഗാമം സ്വീകരിക്കുന്നതുപോലെ നര്‍മദേശ്വര ശിവലിംഗത്തെ വരവേല്ക്കുന്നതും സാംസ്‌കാരിക ഏകതയുടെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post