ന്യൂദല്‍ഹി: സഹനത്തിന്റെയും സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണ് ഹിന്ദുത്വമെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ. കരണ്‍സിങ്. ഏകാത്മകതയെ വിവിധ ഭാവങ്ങളില്‍ ആവിഷ്‌കരിക്കുന്ന ദര്‍ശനമാണത്. മറ്റൊരാളുടെ വിശ്വാസത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് അതിന്റെ സവിശേഷത, അദ്ദേഹം പറഞ്ഞു. രാമകൃഷ്ണമിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു കരണ്‍സിങ്.
ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രാമകൃഷ്ണമിഷന്റെ ജന്മദൗത്യം ഏറെ പ്രസക്തമായ കാലമാണിതെന്ന് ഡോ. കരണ്‍സിങ് ചൂണ്ടിക്കാട്ടി. മിഷന്‍ അതിന്റെ തത്വങ്ങളോടു കാട്ടുന്ന പ്രതിബദ്ധതയും സമര്‍പ്പണവും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നു. സാങ്കേതികവിദ്യയുടെയും വിജ്ഞാനത്തിന്റെയും നാളുകളില്‍ പോലും റഷ്യ, സുഡാന്‍, ഉക്രൈന്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അസ്വസ്ഥതകളാണ്. ഹരിയാനയിലും മണിപ്പൂരിലും നടക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്ന സംഭവങ്ങളാണെന്ന് കരണ്‍സിങ് പറഞ്ഞു.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെ കാലം പുലരാന്‍ ലോകം രാമകൃഷ്ണപരമഹംസരുടെയും ശ്രീശാരദാദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും കാഴ്ചപ്പാടുകള്‍ പഠിക്കണമെന്ന് ബേലൂര്‍ രാമകൃഷ്ണമഠം ജനറല്‍ സെക്രട്ടറി സ്വാമി സുവീരനാനന്ദ പറഞ്ഞു. ന്യൂദല്‍ഹി രാമകൃഷ്ണ മിഷന്‍ സെക്രട്ടറി സ്വാമി സര്‍വലോകാനന്ദ, ഗുരുഗ്രാം രാമകൃഷ്ണമിഷന്‍ സെക്രട്ടറി സ്വാമി ശാന്താത്മാനന്ദ, ധാക്ക യൂണിവേഴ്‌സിറ്റിയിലെ ഡോ. ഖാസി നൂറുള്‍ ഇസ്ലാം, അമേരിക്കയിലെ വേദാന്ത സൊസൈറ്റി മേധാവി സ്വാമി സത്യാത്മാനന്ദ, മോസ്‌കോ വേദാന്ത സെന്ററിലെ ഡോ. ലിലിയാന മല്‍കോവ എന്നിവര്‍ സംസാരിച്ചു.
Discussion about this post