ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16 മുതല്‍ സപ്തംബര്‍ 17 വരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഈ വര്‍ഷം രണ്ടാം തവണയാണ് പൂന്തോട്ടം തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തില്‍ അധ്യാപകര്‍ക്ക് മാത്രമാകും പ്രവേശനം. സര്‍വ്വകലാശാലകളിലെയും മറ്റുഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെയും അധ്യാപകര്‍ക്കും അന്ന് പ്രവേശനം അനുവദിക്കും. ഈ വര്‍ഷമാദ്യം ജനുവരി 29 മുതല്‍ മാര്‍ച്ച് 31 വരെ അമൃത് ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. 10 ലക്ഷത്തിലധികം പേരാണ് അന്ന് ഉദ്യാനം സന്ദര്‍ശിച്ചത്.
അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവേശനം അനുവദിക്കും. നോര്‍ത്ത് അവന്യൂ വിനടുത്തുള്ള രാഷ്ട്രപതി ഭവന്റെ ഗേറ്റ് നമ്പര്‍ 35 വഴിയാണ് പ്രവേശനം. രാഷ്ട്രപതി ഭവന്റെ വെബ്‌സൈറ്റില്‍ (https://visit.rashtrapatibhavan.gov.in)ഓണ്‍ലൈനായി ബുക്കിംഗ് നടത്താം. ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഗേറ്റ് നമ്പര്‍ 35ന് സമീപമുള്ള സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകളില്‍ നിന്ന് പാസ് ലഭിക്കും.
Discussion about this post