ന്യൂദല്‍ഹി: 2014-ല്‍ ലോകത്തെ പത്താമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയിരുന്ന ഇന്ത്യ, ഇന്ന് 2023-ല്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നടന്ന 77-ാം സ്വാതന്ത്ര്യദിനാഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം, ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍ കൈമാറുന്നതിലുണ്ടാകുന്ന ചോര്‍ച്ച ഒഴിവാക്കല്‍, കരുത്തുറ്റ സമ്പദ്ഘടന സൃഷ്ടിക്കല്‍, പൊതുധനം പാവങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കല്‍ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ”രാജ്യം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ അതു ഖജനാവു നിറയ്ക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ഇന്നു ഞാന്‍ രാജ്യത്തെ ജനങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നു; അത് പൗരന്മാരുടെയും രാജ്യത്തിന്റെയും ശേഷി വര്‍ധിപ്പിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഇത് സത്യസന്ധമായി ചെലവഴിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഗവണ്മെന്റ് ഉണ്ടെങ്കില്‍ മാത്രമേ അത്തരം അപൂര്‍വ പുരോഗമന ഫലങ്ങള്‍ കൈവരിക്കാന്‍ സാധിക്കൂ”- അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള ധനവിതരണം 30 ലക്ഷം കോടി രൂപയില്‍നിന്ന് 100 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു
കഴിഞ്ഞ 10 വര്‍ഷത്തെ പുരോഗതി ചൂണ്ടിക്കാട്ടി, പരിവര്‍ത്തനത്തിന്റെ കരുത്തുറ്റ കഥയാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതെന്ന്, പ്രധാനമന്ത്രി പറഞ്ഞു. ഈ മാറ്റം വളരെ വലുതാണെന്നും രാജ്യത്തിന്റെ വര്‍ധിതശേഷിയാണ് ഇതിലൂടെ വെളിവാകുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, പത്തുവര്‍ഷം മുമ്പ് 30 ലക്ഷം കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് എന്ന് പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി ഇത് 100 ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് വര്‍ധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”മുന്‍പ് കേന്ദ്ര ഗവണ്മെന്റ് ട്രഷറിയില്‍ നിന്നും 70,000 കോടി രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിനായി വകയിരുത്തിയിരുന്നത്. എന്നാല്‍ ഇന്ന് അത് മൂന്നു ലക്ഷം കോടി രൂപയിലധികം ആണ്”.
നിര്‍ധനരുടെ വീട് നിര്‍മാണ സഹായത്തില്‍ നാല് മടങ്ങ് വര്‍ധന, യൂറിയ സബ്‌സിഡിയായി കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപ
നേരത്തെ പാവപ്പെട്ടവരുടെ വീടുകള്‍ നിര്‍മിക്കാന്‍ 90,000 കോടി രൂപ ചെലവഴിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. ഇന്ന് അത് 4 മടങ്ങ് വര്‍ധിക്കുകയും 4 ലക്ഷം കോടിയിലധികം രൂപ വീട് നിര്‍മാണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നു. ആഗോള വിപണിയില്‍ 3000 രൂപ വരെ വില വരുന്ന യൂറിയ ബാഗുകള്‍ 300 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ആഗോള വിപണിയില്‍ 3000 രൂപ വരെ വില വരുന്ന യൂറിയ ബാഗുകള്‍ 300 രൂപയ്ക്കാണ് നമ്മുടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. അങ്ങനെ 10 ലക്ഷം കോടി രൂപയാണ് യൂറിയ സബ്‌സിഡിയായി ഗവണ്മെന്റ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.”
മുദ്രാ യോജന രാജ്യത്തെ 10 കോടിയോളം ജനങ്ങളെ തൊഴില്‍ദാതാക്കളാക്കി
രാജ്യത്തെ കോടിക്കണക്കിലധികം ജനങ്ങളെ സംരംഭകരാക്കാനും, അതുവഴി മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മുദ്ര യോജനയിലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ’20 ലക്ഷം കോടി രൂപയിലധികം ബജറ്റുള്ള മുദ്ര യോജന, നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍, വ്യവസായങ്ങള്‍, സംരംഭങ്ങള്‍ എന്നിവയ്ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 8 കോടി ജനങ്ങള്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍, എട്ടു കോടി ജനങ്ങള്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു എന്ന് മാത്രമല്ല; ഓരോ സംരംഭകനും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് തൊഴിലും നല്‍കി. രാജ്യത്തെ എട്ടു കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ച മുദ്ര യോജനയിലൂടെ അധികമായി 8-10 കോടി പേര്‍ക്കു തൊഴില്‍ നല്‍കുക എന്ന നേട്ടവും കരസ്ഥമാക്കാന്‍ സാധിച്ചു”. രാജ്യത്തെ വിവിധ സംരംഭങ്ങളെ കോവിഡ് മഹാമാരിയുടെ വേളയില്‍ സഹായിക്കാന്‍ സാധിച്ചതായും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുടങ്ങാതിരിക്കുന്നതിനായി 3.5 ലക്ഷം കോടി രൂപയുടെ ധനസഹായം നല്‍കിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ”ഒരു റാങ്ക് ഒരു പെന്‍ഷന്‍” പദ്ധതി ഇന്ത്യയുടെ ഖജനാവില്‍ നിന്ന് 70,000 കോടി രൂപയുടെ നേട്ടം നമ്മുടെ സൈനികര്‍ക്ക് അവര്‍ക്കുള്ള ആദരമായി നല്‍കിയത് എങ്ങനെയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. വിരമിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഈ പണം ലഭിച്ചു- അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നും, രാജ്യത്തിന്റെ വികസനത്തിനായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ച്, ഗണ്യമായ സംഭാവന നല്‍കിയ വേറെയും പദ്ധതികള്‍ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിവിധ മേഖലകളില്‍ രാജ്യത്തിന്റെ ബജറ്റ് വിഹിതം വര്‍ധിച്ചതായും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.
ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി, ഗവണ്മെന്റിന്റെ അഞ്ചു വര്‍ഷ കാലയളവില്‍ തന്നെ, 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ ചങ്ങലയില്‍നിന്ന് മോചനം നേടി പുതിയ മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തില്‍ ഇത്രയും സംതൃപ്തി നല്‍കുന്ന മറ്റൊന്നും തന്നെ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭവന നിര്‍മാണ പദ്ധതികള്‍, പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോര കച്ചവടക്കാര്‍ക്ക് 50,000 കോടി രൂപ വിതരണം തുടങ്ങിയ നിരവധി പദ്ധതികള്‍ ഈ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടില്‍നിന്ന് കരകയറാന്‍ സഹായിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post