ബെംഗളൂരു: ആധുനിക നിയമവും നിയമശാസ്ത്രവും മനസിലാക്കുന്നതിന് പുരാതന ഭാരതീയ നിയമശാസ്ത്രത്തിന്റെ സംഭാവന അവഗണിക്കാനാവില്ലെന്ന് ആന്ധ്രപ്രദേശ് ഗവര്‍ണറും മുന്‍ സുപ്രീംകോടതി ജഡ്ജുമായ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തമായ മനുസ്മൃതിയും യാജ്ഞവല്‍ക്യ സ്മൃതിയും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക കേന്ദ്ര സര്‍വകലാശാലയും വിജ്ഞാനേശ്വര പ്രതിഷ്ഠാന്‍ ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് എസ്. രാമജോയിസ് അനുസ്മരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലൂക്യകാലത്തെ നിയമ പണ്ഡിതനായിരുന്ന വിജ്ഞാനേശരന്‍ രചിച്ച യാജ്ഞവല്‍ക്യ സ്മൃതിയുടെ നിയമ വ്യാഖ്യാനമായ മിതാക്ഷര എക്കാലവും പ്രസക്തമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയ കാലം മുതല്‍, മിതാക്ഷരവും ദയാഭാഗവും ഹിന്ദു നിയമത്തിലെ പ്രധാന ഭാഗങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ബംഗാള്‍, ആസാം, ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ ഒഴികെ, രാജ്യത്തെ മിക്ക കോടതികളിലും അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകളില്‍ മിതാക്ഷരയ്ക്ക് ഒരു നിയമനിര്‍മ്മാണ ഗ്രന്ഥത്തിന്റെ പദവി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിതാക്ഷരയിലെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ സ്വത്തവകാശം, സ്വത്ത് വിതരണം, അനന്തരാവകാശം എന്നിവ ഉള്‍പ്പെടുന്നു.
ലോകത്തിലെ ഏറ്റവും പുരാതനമായ നിയമമാണ് ഹിന്ദുനിയമമെന്ന് ജസ്റ്റിസ് നസീര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഹിന്ദു നിയമം സൃഷ്ടിച്ചത് ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും ക്ഷേമവും നിറവേറ്റുന്നതിനാണ്. പൊതു കുടുംബക്ഷേമമാണ് ഹിന്ദു നിയമത്തിന്റെ അടിസ്ഥാനം അതിനായി കുടുംബാംഗങ്ങളുടെ വ്യക്തിപരമായ താത്പര്യം ത്യജിക്കാം. ഹിന്ദു നിയമപ്രകാരം, കൂട്ടുകുടുംബ വ്യവസ്ഥയില്‍ അംഗങ്ങള്‍ സമ്പാദിക്കുന്ന സ്വത്തിനെ ആ കുടുംബത്തിന്റെ സംയുക്ത സ്വത്തായി കണക്കാക്കി.സമൂഹത്തിന്റെ മാറ്റത്തില്‍ കുടുംബത്തിലെ അംഗങ്ങള്‍ അവരുടെ സ്വന്തം അവകാശത്തില്‍ സ്വതന്ത്രരാണെന്ന് അംഗീകരിച്ചതോടെ, പ്രത്യേക സ്വത്ത് എന്ന ആശയവും അനന്തരാവകാശ നിയമങ്ങളും വികസിപ്പിച്ചെടുത്തു. കൂട്ടുകുടുംബ സ്വത്തുക്കള്‍ ലോകത്ത് മറ്റൊരിടത്തും സമാനമായ ആശയങ്ങളില്ലാത്ത അതുല്യമായ സ്ഥാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരാതന ഇന്ത്യയിലെ നീതിശാസ്ത്രം ധര്‍മ്മ സങ്കല്‍പ്പത്തിലോ ശരിയായ പെരുമാറ്റച്ചട്ടങ്ങളിലോ രൂപപ്പെട്ടതാണ്. രാജാവിന് സ്വതന്ത്രമായ അധികാരമില്ലായിരുന്നു, ധര്‍മ്മത്തില്‍ നിന്നാണ് അധികാരം ലഭിച്ചത്, അത് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ധാര്‍മിക നിയമങ്ങള്‍ വ്യക്തിയെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരെയും നിയന്ത്രിക്കുന്നു. രാജാവ് മുതല്‍ അവസാനത്തെ സേവകന്‍ വരെ, എല്ലാവരും ധര്‍മ്മത്താല്‍ ബന്ധിക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ചൂണ്ടിക്കാട്ടി.
Discussion about this post