ഗുരുഗ്രാം(ഹരിയാന): ഇസ്ലാമിക മതമൗലികവാദികളുടെ അക്രമത്തില്‍ മുടങ്ങിയ നൂഹിലെ ശ്രാവണപൂജായാത്ര സമാധാനപൂര്‍വം പൂര്‍ണമാക്കി സര്‍വപന്ഥ് ഹിന്ദു മഹാപഞ്ചായത്ത്. നൂഹ് ഉള്‍പ്പെടുന്ന മേവാത് മേഖലയിലെ ഹിന്ദുസമൂഹം ഒത്തുചേര്‍ന്ന് സംന്യാസിമാരുടെയും വിശ്വഹിന്ദുപരിഷത്ത് നേതാക്കളുടെയും നേതൃത്വത്തിലാണ് ബ്രജ് മണ്ഡല ജലാഭിഷേക യാത്ര പൂര്‍ത്തിയാക്കിയത്. ഹരിയാനയിലുടനീളമുള്ള ശിവക്ഷേത്രങ്ങളിലും ഇതേസമയം ജലാഭിഷേകം നടന്നു. ക്ഷീരേശ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ ആരംഭിച്ച യാത്ര നൂഹിലെ സിംഗാര്‍ ഗ്രാമത്തില്‍ ശൃംഗാര്‍ ക്ഷേത്രത്തില്‍ അവസാനിച്ചു.
മഹാപഞ്ചായത്ത് അദ്ധ്യക്ഷന്‍ അരുണ്‍ സെയില്‍ദാര്‍, വിശ്വഹിന്ദു പരിഷത്ത് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ എന്നിവര്‍ സംന്യാസിമാര്‍ക്കൊപ്പം നൂഹിലെ നല്‍ഹദ് മഹാദേവ ക്ഷേത്രത്തിലെത്തി. ഭോലെ ശങ്കര്‍ ജയാരവം മുഴക്കി ജലാഭിഷേകം നടത്തി.
ലോകക്ഷേമത്തിന് ഹിന്ദുസമാജം വിജയികളായി തുടരേണ്ടതുണ്ടെന്ന് അലോക് കുമാര്‍ പറഞ്ഞു. ലോകസമാധാനത്തിനും ക്ഷേമത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്. തടസ്സങ്ങള്‍ സൃഷ്ടിച്ചവര്‍ വിജയിച്ചില്ല എന്ന സംതൃപ്തിയുണ്ട്. ജി20 ഉച്ചകോടിയുടെ ശോഭ കെടുത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞാണ് നൂഹ് ജലാഭിഷേക യാത്രയുടെ വൈപുല്യം കുറച്ചത്. വരും വര്‍ഷങ്ങളില്‍ ഏറ്റവും വിപുലമായ ഘോഷയാത്രകളോടെ നൂഹ് ശ്രാവണപൂജയില്‍ പങ്കുചേരും, അദ്ദേഹം പറഞ്ഞു.
മഹാമണ്ഡലേശ്വര്‍ സ്വാമി ധര്‍മ്മദേവ്, സ്വാമി നാരായണ്‍ ഗിരി, സ്വമി നരേന്ദ്ര ഗിരി, സ്വാമി ജിതേന്ദ്രാനന്ദ് സ്വാമി നവല്‍ കിഷോര്‍ ദാസ് എന്നിവര്‍ ജലാഭിഷേകയാത്രയ്ക്ക് നേതൃത്വം നല്കി. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് പ്രതാപ്, വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പവന്‍ കുമാര്‍, മേവാത്ത് മേഖലയിലെ പഞ്ചായത്ത് അദ്ധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post