ഭില്‍വാഡ(രാജസ്ഥാന്‍): സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ് സിങ് എന്നിവര്‍ക്കെതിരെ ഭില്‍വാഡ ഭീംഗഞ്ച് പോലീസ് കേസെടുത്തു. ഭില്‍വാഡയില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഉദയനിധി സ്റ്റാലിന്‍ നടത്തിയ അപമാനകരമായ പരാമര്‍ശങ്ങള്‍ സനാതന ധര്‍മ്മത്തെയും ഭാരതീയ ജീവിതത്തെയും അപഹസിക്കുന്നതാണെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ഹന്‍സ്റാം ജി ഉദസിന്‍ ചൂണ്ടിക്കാട്ടി. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. അധികാരത്തിന്റെ അഹങ്കാരത്തിലാണ് ഇത്തരക്കാര്‍. ലോകമാകെ സനാതന ധര്‍മ്മത്തെ ആദരിക്കുകയും നമസ്‌കരിക്കുകയും ചെയ്യുമ്പോഴാണ് ഇവിടുത്തെ രാഷ്ട്രീയക്കാരില്‍ ചിലര്‍ തങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ കാരണം രാജ്യത്തെയും ധര്‍മ്മത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്വാമി ഹന്‍സ്‌റാം പറഞ്ഞു.
ഭില്‍വാഡ ഹരി സേവ ഉദാസിന്‍ ആശ്രമത്തിലെ സനാതന്‍ മന്ദിറില്‍ ചേര്‍ന്ന സനാതനധര്‍മ്മ സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മഹന്ത് മോഹന്‍ ശരണ്‍ ജി (നിംബാര്‍ക് ആശ്രമം), സന്ത് മായറാം, സന്ത് രാജാറാം, സന്ത് ഗോവിന്ദ്‌റാം, സന്ത് ശ്രാവണ്‍ ദാസ് ഉദാസിന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post