ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഒറ്റപ്പെട്ട സിക്കിമിലെ ഗ്രാമങ്ങള്‍ക്ക് സങ്കടമോചന പദ്ധതിയുമായി സൈന്യം. ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയ മൂവായിരം പേരെ സുരക്ഷിതരാക്കാന്‍ കര, വ്യോമസേനകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒറ്റപ്പെട്ടവരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് പറഞ്ഞു. അതിനിടെ, സൈന്യത്തിന്റെ ത്രിശക്തി കോര്‍പ്‌സ് ഈ മേഖലകളില്‍ കുടുങ്ങിയ 1471 വിനോദസഞ്ചാരികളെ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി തുടര്‍ച്ചയായി മഴയും മേഘവിസ്ഫോടനവും ഉണ്ടായതിനെ തുടര്‍ന്നാണ് സിക്കിം പ്രളയത്തില്‍ മുങ്ങിയത്. വിനോദ സഞ്ചാരികളടക്കമുള്ള മൂവായിരത്തിലധികം പേരാണ് ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയത്. ഇന്നലെ കാലാവസ്ഥ അല്പം മെച്ചപ്പെട്ടതോടെയാണ് സൈന്യം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് ഇന്നലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഇതുവരെ 19 പേരാണ് പ്രളയത്തില്‍ മരിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ടീസ്റ്റ നദിയുടെ താഴ്ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തുടരുകയാണ്.സിംഗ്താമിന് സമീപം മണ്ണിടിച്ചിലുണ്ടായ ബുര്‍ദാംഗില്‍ മണ്ണ് മാറ്റിയും തെരച്ചില്‍ നടത്തുന്നുണ്ട്. ടിഎംആര്‍ (ട്രൈക്കലര്‍ മൗണ്ടന്‍ റെസ്‌ക്യൂ), ട്രാക്കര്‍ ഡോഗ്സ്, പ്രത്യേക റഡാര്‍ എന്നിവയുടെ ടീമുകളെ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ വിന്യസിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി എല്ലാ ഏജന്‍സികളും രംഗത്തുണ്ട്. സിംഗ്താമിനും ബുര്‍ദാങ്ങിനും ഇടയിലുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അതിവേഗം സമാന്തരപാത തീര്‍ത്തു. വടക്കന്‍ സിക്കിമില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഭക്ഷണം, വൈദ്യസഹായം, ആശയവിനിമയ സൗകര്യങ്ങള്‍ എന്നിവയും സൈന്യം സഹായം നല്‍കുന്നുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് പ്ലാറ്റൂണുകള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഇതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു എന്‍ഡിആര്‍എഫ് പ്ലാറ്റൂണ്‍ ഇതിനകം രംഗ്പോ, സിങ്തം പട്ടണങ്ങളില്‍ സേവനത്തിലാണ്. ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച സിങ്തം, രംഗ്പോ, ദിക്ചു, ആദര്‍ശ് വില്ലേജുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.
Discussion about this post