ന്യൂഡൽഹി: മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള എൻസിആർടി ശുപാർശയ്‌ക്ക് പിന്തുണയുമായി മുസ്ലീം വ്യക്തി നിയമ ബോർഡ് ദേശീയ സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി. ഇതിഹാസങ്ങളെ കുറിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മികച്ചതാണെന്നും കുട്ടികളിലെ വ്യക്തിത്വ വികാസത്തിന് ഇത് സഹായിക്കുമെന്നും മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇതിഹാസ പുസ്തകങ്ങളായ രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണയ്‌ക്കുന്നു. ഇത് കുട്ടികളിൽ വ്യക്തിത്വ വികാസത്തിന് വഴിവെക്കും. സാധിക്കുമെങ്കിൽ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങൾ കൂടി പഠിക്കാനുള്ള അവസരം ഒരുക്കണം. ഇത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു.
പാഠ്യപദ്ധതിയിൽ ഭാരതത്തിന്റെ ഇതിഹാസങ്ങൾ ഉൾപ്പെടുത്തണമെന്ന് എൻസിആർടി ഉന്നതതല പാനലാണ് ശുപാർശ ചെയ്തത്. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കാലയളവിലുള്ള സാമൂഹിക ശാസ്ത്ര സിലബസിൽ ഉൾപ്പെടുത്താനാണ് ശുപാർശ നൽകിയിരിക്കുന്നത്. പ്രതിവർഷം നിരവധി പേരാണ് വിദേശ പൗരത്വം സ്വീകരിക്കുന്നത്. ഇത് പൗരബോധത്തിന്റെ അഭാവം കാരണമാണെന്നും സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും പഠിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് തടയാൻ സാധിക്കുമെന്നും സമിതി നിരീക്ഷിക്കുന്നു.
Discussion about this post