ഭോപാല്‍: വനിതാ ദിനമെന്നത് പടിഞ്ഞാറിന്റെ ആശയമാണെന്നും ഭാരതത്തിന് എല്ലാ ദിവസം മാതൃശക്തിക്കായി സമര്‍പ്പിക്കപ്പെട്ടതാണെന്നും വിഖ്യാ നര്‍ത്തകി പദ്മവിഭൂഷണ്‍ ഡോ. സോണാല്‍ മാന്‍സിങ് എംപി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തോട്ട് ട്രസ്റ്റ് ഭോപാലില്‍ സംഘടിപ്പിച്ച ത്രിദിന സ്ത്രീശക്തി പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭാരതത്തിലെ സ്ത്രീകള്‍ സംവരണത്തെ ആശ്രയിക്കേണ്ടതില്ല. അത് പ്രകൃതി നമുക്ക് നല്കിയതാണ്. വസുധൈവ കുടുംബകം എന്ന ആപ്തവാക്യത്തില്‍ പ്രകൃതിയും ഉണ്ട്. ഈ ഭൂമി തന്നെ സ്ത്രീയുടെ പ്രതീകമാണെന്ന് സോണാല്‍ മാന്‍സിങ് പറഞ്ഞു.
സൈനികനിരയിലും ശാസ്ത്രപുരോഗതിയിലും മുന്‍നിരയില്‍ നില്ക്കുന്ന സ്ത്രീകളുടെ ധാര്‍മ്മികമായ കരുത്ത് ഭാരതത്തിന്റെ പൗരാണിക വീരനായികരുടേതാണ്. അഹല്യ, ദ്രൗപദി, താര, കുന്തി, മണ്ഡോദരി എന്നീ പഞ്ചകന്യമാരെ ആദരിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ ഈ ഇതിഹാസനായികമാരുടെ ചരിത്രത്തിലും തെറ്റിദ്ധാരണയുടെ കളങ്കം പുരട്ടാന്‍ ശ്രമിക്കുന്ന സ്വയംപ്രഖ്യാപിത ബുദ്ധിജീവികളെ കരുതിയിരിക്കണം. പഞ്ചകന്യകളുടെ ജീവിതം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടും വീണ്ടും പഠിക്കണം. ഭാരതീയ സ്ത്രീ എന്നത് ഓരോ വായനയിലും കൂടുതല്‍ തിളങ്ങുന്ന കനകം പോലെയാണെന്ന് തിരിച്ചറിയണം, സോണാല്‍ മാന്‍സിങ് പറഞ്ഞു. റാണി ദുര്‍ഗാവതി, റാണി ചെന്നമ, റാണി ലക്ഷ്മിഭായി തുടങ്ങിയ നിരവധി ധീര വനിതകളുടെ സംഭാവനകളാണ് ഭാരതത്തെ കരുത്തോടെ നിലനിര്‍ത്തിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കുഞ്ഞിന് മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന ആദ്യത്തെ അദ്ധ്യാപികയാണ് അമ്മ. അമ്മ ചിന്തിക്കുന്നതെന്തോ അതാണ് കുട്ടിയില്‍ വളരുന്ന മൂല്യങ്ങള്‍. ഭാരതീയതയില്‍ ഗര്‍ഭ സംസ്‌കാരത്തിന്റെ പാരമ്പര്യം നിലനില്‍ക്കുന്നതിന്റെ കാരണം ഇതാണ്. കുട്ടികളില്‍ ഈ മൂല്യങ്ങള്‍ പകര്‍രുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തമാണ്, അവര്‍ ചൂണ്ടിക്കാട്ടി.
പ്രശസ്ത കഥക് നര്‍ത്തകി അനുരാധ സിങ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മധ്യ ഭാരത് ക്ഷേത്ര സംഘചാലക് അശോക് പാണ്ഡെ സംസാരിച്ചു.
Discussion about this post