പ്രാണ പ്രതിഷ്ഠ ചടങ്ങിനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ സവിശേഷതകൾ അടുത്തിടെയാണ് പുറത്തുവിട്ടത്. നാല് മൂലകളിലായി സൂര്യഭഗവാൻ, ദേവീ, ഗണപതി, പരമശിവൻ എന്നിവരും വടക്കായി അന്നപൂർണേശ്വരിയും തെക്ക് ഭാഗത്ത് ഹനുമാൻ ക്ഷേത്രവുമുണ്ടെന്ന് ട്രസ്റ്റ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു. കിഴക്ക് വശത്ത് നിന്ന് 32 പടികൾ പിന്നിട്ടാണ് പ്രധാന ക്ഷേത്രത്തിലേക്ക് എത്താൻ കഴിയുക.
പ്രധാന കവാടത്തിൽ ഹനുമാൻ, ഗരുഡൻ, ആനകൾ, സിംഹങ്ങൾ എന്നിവയുടെ പ്രതിമകൾ സ്ഥാപിക്കും. കവാടത്തിൽ സ്ഥാപിക്കാനൊരുങ്ങുന്ന പ്രതിമകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാജസ്ഥാനിലെ പഹാർപൂർ പ്രദേശത്ത് നിന്നുള്ള മണൽക്കല്ലുകൾ ഉപയോഗിച്ചാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലേക്കുള്ള പടികൾക്ക് ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്ന തട്ടുകളോട് കൂടിയ സ്ലാബിലാണ് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. താഴത്തെ സ്ലാബിൽ ഓരോ ആനയുടെ പ്രതിമയും രണ്ടാം നിലയിൽ ഓരോ സിംഹത്തിന്റെ പ്രതിമയും സ്ഥാപിക്കും. ഏറ്റവും മുകളിലത്തെ സ്ലാബിൽ ഹനുമാന്റെ പ്രതിമയും മറുവശത്ത് ഗരുഡന്റെ പ്രതിമയുമാണ് സ്ഥാപിക്കുക.
പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്ര നിർമ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. ആകെ മൂന്ന് നിലകളാണുള്ളത്, ഓരോന്നിനും 20 അടി ഉയരം. ക്ഷേത്രസമുച്ചയത്തിനാകെ 392 തൂണുകളും 44 വാതിലുകളും അഞ്ച് മണ്ഡപങ്ങളുമാണുള്ളത്.
Discussion about this post