ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് പ്രധാന പദ്ധതികളിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചതിനു പിന്നാലെ അടുത്ത ഘട്ട വികസനത്തിലേക്ക് കാാലുവയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തടസ്സമില്ലാത്ത വിശ്വസനീയമായ വൈദ്യുതി വിതരണം നല്‍കുന്നതില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സൗഭാഗ്യ, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന തുടങ്ങിയ സംരംഭങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ ഗ്രാമങ്ങളെയും വീടുകളെയും ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. സാര്‍വത്രിക കണക്റ്റിവിറ്റി കൈവരിച്ചതിന് ശേഷം 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നതായിരുന്നു അടുത്ത നടപടിയെന്ന് വൈദ്യുതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമ – നഗരപ്രദേശങ്ങളിലെ വൈദ്യുതി വിതരണം ശരാശരി സമയത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ വൈദ്യുതി ഉപയോഗം 24 മണിക്കൂറും ലഭ്യമാക്കാനാണ് സംസ്ഥാനങ്ങളും വൈദ്യുതി വിതരണ കമ്പനികളും (ഡിസ്‌കോം) ശ്രമിക്കുന്നതും. വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങളും ദേശീയ താരിഫ് നയവും ഉള്‍പ്പെടെ ഡിസ്‌കോമുകളെ നിയന്ത്രിക്കുന്ന നിയന്ത്രണങ്ങളില്‍ പ്രസക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
രാജ്യസഭയില്‍ വൈദ്യുതി മന്ത്രാലയം നല്‍കിയ വിശദാംശങ്ങളനുസരിച്ച്, നിലവില്‍ നഗരങ്ങളില്‍ പ്രതിദിനം 23.5 മണിക്കൂറും ഗ്രാമങ്ങളില്‍ 20.5 മണിക്കൂറുമാണ് ശരാശരി വൈദ്യുതി ഉപയോഗം. 2023-24ലെ വേനല്‍ക്കാലത്ത് 240 ജിഗാവാട്ടിന്റെ റെക്കോര്‍ഡ് ബ്രേക്കിംഗ് പവര്‍ ഡിമാന്‍ഡാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 250 ജിഗാവാട്ടിലെത്തുമെന്ന പ്രതീക്ഷക്കുന്നത്.
Discussion about this post