ഗുവാഹത്തി: നിർമിത ബുദ്ധി ഭയനാകമാം വിധത്തിൽ വളർച്ച പ്രാപിക്കുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. എഐ സർവ വ്യാപിയാണെന്നും സുഹൃത്തുക്കളേക്കാൾ നന്നായി നമ്മളെ അറിയാവുന്നവർ യന്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളും എഐ ഭരിക്കാൻ പോകുന്ന കാലം വിദൂരമല്ലെന്നും സോമനാഥ് സൂചിപ്പിച്ചു.
സദാ സമയവും നാം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ, അതിലെ ഓരോ കീയും നമ്മളെ കുറിച്ച് ഒരോന്നായി പഠിക്കുകയാണ്. എഐ സംവിധാനത്തിലേക്ക് നമ്മൾ അറിയാതെ തന്നെ നമ്മുടെ കയ്യൊപ്പ് ചാർത്തുന്നു. എല്ലാ വിവരങ്ങളും നാം തന്നെ പകർന്നുനൽകുന്നു. നമ്മളെല്ലാവരും നിരീക്ഷണവലയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവാഹത്തിയിലെ പ്രഗ്ജ്യോതിഷ്പൂർ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ പലതും എഐ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കമ്പ്യൂട്ടറിന് എല്ലാം അറിയാം, നിങ്ങൾ ആരാണെന്നും നിങ്ങളുടെ അഭിരുചികൾ എന്താണെന്നും അവർക്കറിയാം. ഒരു പക്ഷേ നിങ്ങൾക്കറിയില്ലായിരിക്കാം നിങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയില്ലായിരിക്കാം. എന്നാൽ നമ്മളെക്കാൾ നന്നായി നമ്മെ അറിയുന്നത് കമ്പ്യൂട്ടർ സിസ്റ്റമാണെന്നതാണ് വാസ്തവം. വരും നാളുകളിലും ഇത് തുടരും, എഐ വികാസം പ്രാപിക്കും. മെല്ലെ മെല്ലെ പലതിന്റെയും ഭരണം എഐ ഏറ്റെടുക്കും- എസ്. സോമനാഥ് പറഞ്ഞു.
Discussion about this post