അയോദ്ധ്യ: രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ചിട്ട് 11 ദിവസം പിന്നിടുമ്പോള്‍ രാംലല്ലയ്‌ക്കായി ലഭിച്ച സമര്‍പ്പണങ്ങളുടെ കണക്കുകള്‍ ട്രസ്റ്റ് പുറത്തുവിട്ടു. ഇന്നലെ വരെ 25 ലക്ഷം ഭക്തരാണ് ദര്‍ശനം നടത്തിയത്. ജനുവരി 22 മുതല്‍ ഇന്നലെ വരെ സംഭാവനയായി ലഭിച്ചത് 11 കോടിയിലധികം രൂപയാണെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
എന്നാല്‍ ഇതില്‍ 3.50 കോടി രൂപ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിച്ചത്. ശ്രീകോവിലിന് മുന്‍പിലായുള്ള ദര്‍ശന പാതയില്‍ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തര്‍ തുക കാണിക്കയായി നല്‍ക്കുന്നതെന്ന് ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത വ്യക്തമാക്കി. ഇതിന് പുറമേയാണ് 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലൂടെ ആളുകള്‍ സംഭാവന നല്‍കുന്നത്.
11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്നത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതല്‍ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും ഗുപ്ത പറഞ്ഞു. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദര്‍ശനത്തിനെത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post