മുംബൈ: രാഷ്ട്രസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുകയല്ല, ആ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജാവിനെ സൃഷ്ടിക്കുന്നത് സമാജമാണ്. പ്രജാഹിതം നിറവേറ്റാത്ത രാജാവ് രാജാവല്ല. ജനം ഏല്പിക്കുന്ന കടമകള്‍ നിര്‍വഹിക്കാത്ത ഭരണാധികാരിയെ പിരിച്ചുവിടാനും ജനത്തിന് അവകാശമുണ്ട്. രാഷ്ട്രം പുരോഗമിക്കണമെങ്കില്‍ സമാജം പുരോഗമിക്കണം. സാധാരണ പൗരന്റെ വലിപ്പമാണ് രാഷ്ട്രത്തിന്റെ വലിപ്പം, അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ലോക്മാന്യ സേവാസംഘത്തിന്റെ നൂറ്റിഒന്നാം വാര്‍ഷികസമ്മേളനത്തില്‍ സമാഹിക മാറ്റത്തില്‍ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
എല്ലാ ജോലികളും ഔട്ട് സോഴ്സ് ചെയ്യുന്ന കാലമാണിത്. വീട്ടുമുറ്റത്തെ മാലിന്യങ്ങള്‍ മാറ്റാന്‍പോലും കരാര്‍ പണിക്കാരെ ഏല്‍പ്പിക്കുന്നു. നമ്മള്‍ സ്വയം ചെയ്യേണ്ട ജോലി മറ്റുള്ളവര്‍ക്ക് കരാര്‍ നല്‍കി അവര്‍ ചെയ്യണമെന്ന് പ്രതീക്ഷിക്കുകയാണ്. അതുപോലെയാണ് രാജ്യസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുന്നത്. നമ്മള്‍ ചെയ്യേണ്ടത് മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതുന്നത് ശരിയല്ല, മോഹന്‍ ഭാഗവത് പറഞ്ഞു.
സമാജത്തിന്റെ പെരുമാറ്റം മാറേണ്ടത് പോലീസിന്റെ പേടിപ്പെടുത്തല്‍ കൊണ്ടോ ഇ ഡിയുടെ റെയ്ഡ് കൊണ്ടോ അല്ല. ഹൃദയത്തിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്. ബുദ്ധിയുടെയും ശരിയായ ധാരണയുടെയും അടിസ്ഥാനത്തില്‍ സമാജം മാറ്റത്തിന് വിധേയമാകണം.
കുടുംബബന്ധങ്ങളില്‍ വലിയ തകര്‍ച്ച നേരിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതികതയുടെ ആധിക്യവും ആഡംബരവും ജീവിതത്തില്‍ ശീലമായിരിക്കുന്നു. വിദ്യാസമ്പന്നരിലും കുടുംബബന്ധങ്ങളുടെ തകര്‍ച്ച കൂടുതല്‍ ദൃശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് പാരമ്പര്യത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യണം. പുതിയ തലമുറയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കി പരിഹരിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സ്വദേശി ശീലമാക്കുന്നതിനും പൗരബോധം പിന്തുടരുന്നതിനുമുള്ള പാഠങ്ങള്‍ അവനവനില്‍ നിന്ന്, കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം, അദ്ദേഹം പറഞ്ഞു.
സ്വദേശി എന്നാല്‍ സ്വാശ്രയവും അഹിംസയുമാണ് എന്ന് വിനോബ ഭാവെ പറയുന്നു. അതിനോട് നമ്മള്‍ ലാളിത്യത്തെ കൂട്ടിച്ചേര്‍ക്കുന്നു. വിദേശിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കല്‍ മാത്രമല്ല സ്വദേശി എന്നത്. അത് ജീവിതത്തില്‍ നിറയേണ്ട മനോഭാവമാണ്. ലോക്മാന്യ സേവാസംഘവും രാഷ്ട്രീയ സ്വയംസേവക സംഘവും സമാനമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് നാഗ്പൂരിലെ തിലക് ഗ്രൂപ്പ് എന്നാണ് സംഘത്തെ പണ്ട് പലരും വിശേഷിപ്പിച്ചിരുന്നതെന്ന് പറഞ്ഞു.
ലോകമാന്യ സേവാസംഘം പ്രസിഡന്റ് മുകുന്ദറാവു ചിത്താലെ ആമുഖ ഭാഷണം നടത്തി.
Discussion about this post