ജയ്പൂര്‍ : പൗരത്വ ഭേദഗതി നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനുളള അപേക്ഷിക്കാന്‍ പാകിസ്ഥാന്‍ ഹിന്ദു കുടിയേറ്റക്കാര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ‘സീമജന്‍ കല്യാണ്‍ സമിതി’. പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തിയ ഹൈന്ദവര്‍ക്കാണ് സംഘടന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ സംഘടന കഴിഞ്ഞ ഒരാഴ്ചയായി ക്യാമ്പ് സംഘടിപ്പിച്ച് വരികയാണ്. പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ണായകമാണ്. ബാല്‍മര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളിലായി 300ല്‍ അധികം പേര്‍ക്ക് ഇതിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് സംഘടന നല്‍കി കഴിഞ്ഞു. ഇവര്‍ക്കായി, ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഔദ്യോഗിക പൗരത്വ പോര്‍ട്ടലായ indiancitizenshiponline.nic.in-ല്‍ അവരുടെ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സമിതി സഹായിച്ചിട്ടുണ്ട്.
സീമജന്‍ കല്യാണ്‍ സമിതി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരമുണ്ടെന്ന് അഭിഭാഷകനും സംഘടനയിലെ അംഗവുമായ വിക്രം സിംഗ് രാജ്പുരോഹിത് വിശദീകരിച്ചു. പ്രാദേശിക പുരോഹിതരില്‍ നിന്നും ഇത്തരം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷിക്കുന്നയാളുടെ മതം, വിശ്വാസം എന്നിവ സാധൂകരിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ മതിയാകും.
കണക്കുകള്‍ പ്രകാരം, ജോധ്പൂരില്‍ മാത്രം ഏകദേശം 5000 മുതല്‍ 6000 വരെ വ്യക്തികള്‍ പൗരത്വമില്ലാതെ വലയുന്നുണ്ട്. രാജസ്ഥാനില്‍ പാകിസ്ഥാനില്‍ നിന്നുളള ഹിന്ദു അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഏകദേശം 400 കോളനികള്‍ ഉണ്ട്. രണ്ട് ലക്ഷത്തോളം ആളുകളാണ് മതവിവേചനത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങി വിവിധ കാലയളവുകളിലായി ഇന്ത്യയിലെത്തിയിട്ടുളളത്. ടൂറിസ്റ്റ്, തീര്‍ത്ഥാടന വിസകളിലാണ് ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയിലെത്തിയത്.
പൗരത്വ ഭേദഗതി നിയമം, പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മതപരമായ വേര്‍തിരിവ് കാരണം ഇന്ത്യയിലെത്തി അഭയാര്‍ത്ഥികളായി കഴിയുന്ന ഹൈന്ദവ, ബുദ്ധ,സിഖ് തുടങ്ങിയ മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. പന്ത്രണ്ട് വര്‍ഷം ഇന്ത്യയില്‍ താമസിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തി അഞ്ച് വര്‍ഷമാക്കിയിട്ടുണ്ട്.
Discussion about this post