ന്യൂദല്‍ഹി: ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ന്‍. മുര്‍ഷിദാബാദില്‍ ഘോഷയാത്രയ്ക്ക് നേരെ നടന്നത് ഭീകരാക്രമണമാണ്. സംഭവം എന്‍ഐഎ അന്വേഷിക്കണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തണലില്‍ അവിടെ ഹിന്ദുവിരുദ്ധ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് സുരേന്ദ്ര ജെയ്ന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹിന്ദു സമൂഹത്തിന് സുരക്ഷിതത്വവും ആത്മാഭിമാനവുമുള്ള ജീവിതം ഉറപ്പാക്കുന്നതിന് വിഎച്ച്പി പ്രതിജ്ഞാബദ്ധമാണ. മുര്‍ഷിദാബാദില്‍ വീടുകളുടെ മുകളില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ രാമനവമി ഘോഷയാത്രയ്ക്കുനേരെ കല്ലെറിയുകയായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ബോംബെറിഞ്ഞു, മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു. ഇതൊന്നും പൊടുന്നനെ ഉണ്ടാകുന്നതല്ലെന്ന് വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നതെന്ന് വിഎച്ച്പി നേതാവ് ചൂണ്ടിക്കാട്ടി.
പരസ്യമായി സമാധാനം പ്രസംഗിക്കുകയും അണിയറയില്‍ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ് മമതാ ബാനര്‍ജി. രാമനവമിയില്‍ കലാപം ഉണ്ടാകുമെന്ന രീതിയില്‍ പൊതുവേദികളില്‍ അവര്‍ അഭിനയിച്ച ആശങ്ക അതിന്റെ തെളിവാണ്. ബംഗാളിലെ ഹിന്ദുസമൂഹത്തിന് ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ്. പവിത്രമായ രാമനവമി ഭജനയാത്രകള്‍ നടത്താന്‍ പോലും കോടതി സുരക്ഷ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണ്.ജനാധിപത്യപരമായ എല്ലാ രീതിയിലും ബംഗാളിലെ ഹിന്ദുവിരുദ്ധനീക്കങ്ങളെ ചെറുക്കുമെന്ന് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. കോടതിയെയും ഗവര്‍ണറെയും സമീപിച്ച് അക്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post