സിയാച്ചിന്: സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികരുമായി സംവദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭാരതത്തിന്റെ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ പിടിക്കാനുള്ള പാക് ശ്രമങ്ങള്‍ വിഫലമാക്കിയ ഓപ്പറേഷന്‍ മേഘദൂതിന്റെ നാല്പതാം വാര്‍ഷികമായിരുന്നു ഏപ്രില്‍ 13. അതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി സിയാച്ചിനിലെത്തിയത്. കരസേനയും വ്യോമസേനയും ചേര്‍ന്ന് 1984 ഏപ്രില്‍ 13ന് നടത്തിയ മേഘദൂത് ഭാരതീയ സൈനിക നടപടികളിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ്.
നമ്മുടെ ദേശീയ തലസ്ഥാനം ദല്‍ഹിയാണ്, മുംബൈ നമ്മുടെ സാമ്പത്തിക തലസ്ഥാനമാണ്, നമ്മുടെ സാങ്കേതിക തലസ്ഥാനം ബെംഗളുരു ആണ്. സിയാച്ചിന്‍ നമ്മുടെ ധീരതയുടെ തലസ്ഥാനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് മാതാ കി ജയ് വിളികളോടെയാണ് സൈനികര്‍ പ്രതിരോധമന്ത്രിയെ വരവേറ്റത്. സൈനികര്‍ക്കൊപ്പം ഹോളി ആഘോഷിക്കാന്‍ മാര്‍ച്ച് 24ന് സിയാച്ചിനിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം അതിന് കഴിഞ്ഞിരുന്നില്ല. അന്ന് സിയാച്ചിന് പകരം ലേയിലാണ് അദ്ദേഹം പങ്കെടുത്തത്.
സിയാച്ചിന്‍ ഹിമാനിയിലെ കുമാര്‍ പോസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സായുധസേനാ ഉദ്യോഗസ്ഥരുമായി സംവദിച്ച അദ്ദേഹം രാജ്നാഥ് സിങ് അവര്‍ക്ക് മധുരം വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ നിലയുറപ്പിച്ച് രാജ്യത്തെ സംരക്ഷിക്കുന്നതിന് ഓരോ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ ഒരു സാധാരണ ഭൂമിയല്ല, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ്. നമ്മുടെ ദേശീയ നിശ്ചയദാര്‍ഢ്യത്തെ പ്രതിനിധീകരിക്കുന്ന ഇടമാണ്, രാജ്‌നാഥ് സിങ് പറഞ്ഞു.
സിയാച്ചിന്‍ ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു. യുദ്ധമുഖങ്ങളില്‍ ബലിദാനികളായ ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിയെ അനുഗമിച്ചു.
Discussion about this post