ന്യൂഡൽഹി: ഹിന്ദു വിവാഹം കൃത്യമായ ആചാര- അനുഷ്ഠാനങ്ങളോടെ നടത്തിയില്ലെങ്കിൽ സാധുവായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഹിന്ദു വിവാഹമെന്നത് പവിത്രമായ സംസ്കാരമാണ്. ഭാരതീയ സമൂഹം ഉയർന്ന മൂല്യം നൽകുന്ന മഹനീയ കർമ്മമാണിത്. പാട്ടും നൃത്തവും ഭക്ഷണവുമാണ്
ഹിന്ദു വിവാഹം എന്ന് കരുതരുത് എന്നും ജസ്റ്റിസ് ബി.വി.നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹുവും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹം നടക്കുന്നില്ലെങ്കിൽ അതിനുള്ള നിയമസാധുത ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് പൈലറ്റുമാരുടെ വിവാഹ മോചന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമർശം ഉണ്ടായത്. സാധുവായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു പ്രസ്തുത വിവാഹം നടന്നത്.
പവിത്രമായ വിവാഹത്തെ ഒരു വാണിജ്യ ഇടപാടിക്കാക്കി മാറ്റുന്നതിനോട് കോടതിക്ക് യോജിക്കാൻ കഴിയില്ല. വിവാഹം എന്നത് സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരമായി കാണാനും പാടില്ല. കുടുംബ സങ്കൽപ്പത്തിന്റെ അടിസ്ഥാന ഘടകമാണ് ഇത്. ഹിന്ദു വിവാഹം സന്താനോൽപാദനത്തിനുള്ള സാഹചര്യങ്ങളൊരുക്കുകയും കുടുംബത്തെ ഏകീകരിക്കുകയും ചെയ്യുന്നവെന്നും കോടതി നിരീക്ഷിച്ചു. ഋഗ്വേദമനുസരിച്ച് ‘സപ്തപദി’ (വരനും വധുവും ചേർന്ന് അഗ്നിക്ക് വലംവെക്കുക) പോലുള്ള ചടങ്ങുകൾ ഇല്ലാതെ ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഏപ്രിൽ 19 ന് കോടതി വ്യക്തമാക്കി.
1955 മെയ് 18 ന് നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിച്ചിട്ടുണ്ട്. കക്ഷികൾ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ചുള്ള ചടങ്ങുകൾക്ക് പൂർത്തിയാക്കിയില്ലെങ്കിൽ, ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്നും ബെഞ്ച് പറഞ്ഞു.
Discussion about this post