ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കാന്‍ സൈനിക നടപടിയോ പ്രത്യേക പരിശ്രമങ്ങളോ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാരതത്തിന്റെ ഭാഗമാകാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളില്‍ നിന്ന് അധികം വൈകാതെ ആവശ്യമുയരും, ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കശ്മീരിലെ വികസനവും പുരോഗതിയും അവര്‍ കാണുന്നുണ്ട്. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ഉള്ള ജീവിതനിലവാരം അവര്‍ മനസിലാക്കുന്നുണ്ട്. പിഒകെയിലെ ജനങ്ങള്‍ ഭാരതത്തോട് ചേരാന്‍ ആഗ്രഹിക്കുകയാണ്, രാജ്നാഥ്സിങ് പറഞ്ഞു. അങ്ങനെ വന്നാല്‍ സൈനിക നടപടിയിലൂടെ പിഒകെ വീണ്ടും രാജ്യത്തിന്റെ ഭാഗമാക്കുകയെന്ന ആവശ്യം തന്നെ വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാരതം എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ജമ്മു കശ്മീരില്‍ എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മേഖല എത്ര വലിയ സാമ്പത്തിക പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും കശ്മീരില്‍ സമാധാനം തിരികെ വന്നതും പിഒകെയിലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്. ഇതിനകം അവിടെ അതിന്റെ ചലനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഭാരതത്തിന്റെ ഭാഗമായി മാറണമെന്ന ആവശ്യം അവരില്‍ നിന്നു തന്നെ ഉയരും. പിഒകെ എല്ലായ്‌പ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നത് നമ്മുടെ എക്കാലത്തെയും നിലപാടാണെന്ന് രാജ്നാഥ്സിങ് പറഞ്ഞു.
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കും. അതിന് കൃത്യമായ സമയക്രമം പറയാനാവില്ല. അഫ്സ്പ പ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തേണ്ട സാഹചര്യത്തിലേക്ക് കശ്മീര്‍ എത്തും. സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ ഉപയോഗിക്കേണ്ടതില്ലാത്ത സാഹചര്യം കശ്മീരില്‍ ഉണ്ടാവും. കേന്ദ്രആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പിന്നില്‍ പാകിസ്ഥാനാണ്. ഇസ്ലാമാബാദ് അവരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഭീകരവാദത്തെ നിയന്ത്രിക്കാന്‍ ഭാരതം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്്, രാജ്നാഥ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോണ്‍ഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കുന്നതായും ഇതു തീക്കളിയാണെന്നും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് തീക്കളിയാണ് കളിക്കുന്നത്. എന്നാല്‍ നേതാവായ രാഹുലിന്റെയുള്ളില്‍ ചെറിയ തീപ്പൊരി പോലുമില്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു
സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. മുസ്ലിം സമൂഹത്തെ അവര്‍ വെറും വോട്ട്ബാങ്കായി മാത്രം കാണുന്നു. രാഷ്‌ട്രനിര്‍മ്മാണമെന്ന ദൗത്യമാണ് രാഷ്‌ട്രീയത്തിനുള്ളത്. അല്ലാതെ അധികാരത്തിലെത്തുക എന്നതു മാത്രമല്ല, രാജ്നാഥ്സിങ് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് വയ്‌ക്കുന്ന തരത്തിലുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടത്തി തകര്‍ന്ന രാജ്യങ്ങളാണ് അര്‍ജന്റീനയും വെനസ്വേലയും. ഭാരതത്തില്‍ നിക്ഷേപം നടത്താനുള്ള നിക്ഷേപകരുടെ വിശ്വാസമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇല്ലാതാവുന്നതെന്നും രാജ്നാഥ്സിങ് പറഞ്ഞു.
Discussion about this post