ഡെറാഡൂൺ: ബദരിനാഥിനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് സ്വർണ ചെങ്കോലും മൂലമന്ത്രവും കൈമാറി ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. പരമ്പരാഗത വിധി പ്രകാരം ബദരി വിശാൽധാമിൽ നടന്ന ചടങ്ങിൽ അമർനാഥ് നമ്പൂതിരി പുതിയ റാവലായി നിയോഗിതനായി. ശനിയാഴ്ച മുതൽ സ്ഥാന കൈമാറ്റവുമായി ബന്ധപ്പെട്ട പൂജകൾ ക്ഷേത്രത്തിൽ ആരംഭിച്ചിരുന്നു
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് മുന്നോടിയായി ഈശ്വരപ്രസാദ് നമ്പൂതിരി പഞ്ച് തീർഥസ്ഥാനങ്ങളായ വിഷ്ണുപതി ഗംഗ, അളകനന്ദ നദി, ഋഷി ഗംഗ, കുർമൂധര, പ്രഹ്ലാദ് ധാര, നാരദ് കുണ്ഡ് എന്നിവിടങ്ങളിൽ സ്നാനം ചെയ്തു. തുടർന്ന് അദ്ദേഹം പഞ്ചശിലകളായ നാരദശില, നരസിംഹശില, വരാഹശില, ഗരുഡശില, മാർക്കണ്ഡേയശില എന്നിടങ്ങളിൽ ദർശനം നടത്തി. അഭിഷേക പൂജ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബദരി നാരായണന് നിവേദ്യം ( ബാല്ഭോഗ്) സമർപ്പിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം നിയുക്ത റാവലിന് സ്വർണ ചെങ്കോൽ കൈമാറിയത്.
ഞായറാഴ്ച വൈകുന്നേരം മുതലുള്ള എല്ലാം പൂജകൾക്കും റാവൽ അമർനാഥ് നമ്പൂതിരിയാണ് നേതൃത്വം നൽകുക. ബദരീനാഥ് ധാമിലെ 21-ാമത്തെ റാവലാണ് അദ്ദേഹം. 4 വർഷക്കാലമായി റാവൽജിയുടെ സഹായിയും, ഉപരി ശിഷ്യനുമായ നൈബ് റാവൽ സ്ഥാനം പാലിച്ചു പോകുകയായിരുന്നു അദ്ദേഹം. കണ്ണൂർ കുളപ്പുറത്ത് വാരണക്കോട്ടില്ലത്ത് മുരളീധരൻ നമ്പൂതിരിയുടെ മകനാണ് അമർനാഥ്. ഇരിങ്ങാലക്കുട വേദപഠനശാലയിൽ നിന്നുമാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ വിഷ്ണു നമ്പൂതിരിയുടെയും, സുഭദ്ര അന്തർജ്ജനത്തിന്റെയും മകനാണ് ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. 2013 ലാണ് അദ്ദേഹം മുഖ്യ പൂജാരിയായി ചുമതലയേൽക്കുന്നത്. പ്രായമായ അമ്മയെ പരിചരിക്കാനായാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
Discussion about this post