ന്യൂദൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സഹോദരീസഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും വികാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഉത്സവം, എല്ലാ സഹോദരിമാരോടും പെൺമക്കളോടും വാത്സല്യവും ആദരവും വളർത്തുന്നു. ഈ ദിവസം, നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വവും ബഹുമാനവും ഉറപ്പാക്കാൻ എല്ലാ ഇന്ത്യാക്കാരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്‌ട്രപതി ‘എക്സ്’ പോസ്റ്റിൽ ആവശ്യപ്പെട്ടു.
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിലെ പ്രതികരണം കൂടിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു തന്റെ രക്ഷാ ബന്ധൻ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കൽക്കട്ട ഹൈക്കോടതി സിബിഐയ്‌ക്ക് വിട്ടു.
അതേസമയം, ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മരിക്കുന്നതിന് മുമ്പ് മർദ്ദനമേറ്റതായും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമൽ, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post