ന്യൂദൽഹി: മണിക്കൂറിൽ 250 കി.മീ. വേഗത്തിൽ പറക്കുന്ന രണ്ടു ട്രെയിനുകൾ നിർമിക്കാൻ റെയിൽവെ മന്ത്രാലയം പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയോടു നിർദേശിച്ചു. ഈ സാമ്പത്തിക വർഷം തന്നെ നിർമാണം തുടങ്ങാനാണ് നിർദേശം. മുഴുവൻ സ്റ്റീൽ കോച്ചുകളാണ്. 250 കി.മീറ്ററാണ് പരമാവധി വേഗമെങ്കിലും സാധാരണ 220 കി.മീറ്ററിലാകും ഓടിക്കുക. വന്ദേഭാരതിന്റെ മാതൃകയിലുള്ള ട്രെയിനിൽ എട്ടു കോച്ചുണ്ടാകും.
അതിനിടെ ഭാരതത്തിന്റെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസുകൾ വാങ്ങാൻ വിദേശ രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ചിലി, കാനഡ, മലേഷ്യ തുടങ്ങിയവയ്ക്കാണ് ഇവ വാങ്ങാൻ ആഗ്രഹം.
മെച്ചപ്പെട്ട ഗുണനിലവാരം, കുറഞ്ഞ ചെലവ്, കൂടിയ വേഗം എന്നിവയാണ് അവരെ ആകർഷിച്ച ഘടകങ്ങൾ. ഇതേ ഗുണനിലവാരവും വേഗവുമുള്ള ട്രെയിനുകൾ മറ്റു രാജ്യങ്ങളിൽ നിർമിക്കുമ്പോൾ വില 160 മുതൽ 180 കോടി രൂപ വരെയാകും. എന്നാൽ ഭാരതത്തിൽ ഇവയുടെ വില 120 മുതൽ 130 കോടി രൂപ വരെ മാത്രമാണ്. പൂജ്യത്തിൽ നിന്ന് 100 കി.മീറ്ററിലെത്താൻ വന്ദേ ഭാരതിന് 52 സെക്കൻഡ് മതി. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾക്കു പോലും 54 സെക്കൻഡ് വേണമെന്ന് റെയിൽവെ അധികൃതരെ ഉദ്ധരിച്ച്, ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാളങ്ങളിൽ ഉരയുന്നതു മൂലമുള്ള ഘർഷണം കൊണ്ടുണ്ടാകുന്ന ശബ്ദം രൂപകൽപനയുടെ പ്രത്യേകത കാരണം വന്ദേ ഭാരതിൽ കുറവാണ്. ഇവ ഓടാൻ കുറഞ്ഞ ഊർജ്ജം മതി.
പത്തു വർഷം കൊണ്ട്, 31,000 കി.മീ. പാളങ്ങളാണ് പുതുതായിയിട്ടത്. 40,000 കി.മീ. പാളങ്ങൾ കൂടിയിടാനാണ് പദ്ധതിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 40,000 കി.മീ. പാളങ്ങളിൽ കവച് എന്ന സുരക്ഷാ സംവിധാനമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവെ. പതിനായിരം ട്രെയിനുകളിൽ ഇവ ഘടിപ്പിക്കും.
Discussion about this post