ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഒക്ടോബർ ആറിന് തമിഴ്നാട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ പഥസഞ്ചലനങ്ങൾ സംഘടിപ്പിക്കുന്നതിന് പോലീസിനോട് അനുമതി തേടിയിരുന്നു. പോലീസ് അനുമതി നിഷേധിച്ചതോടെ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഥസഞ്ചലനം തടസം കൂടാതെ നടത്താൻ അനുവാദം നല്കണമെന്ന് തമിഴ്നാട് സർക്കാരിനോടും പോലീസിനോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റിസ് ജയചന്ദ്രൻ മുമ്പാകെയാണ് കേസ് പരിഗണിച്ചത്. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് ശേഷവും കോടതിയലക്ഷ്യം തുടരുകയാണെന്ന് ജഡ്ജി പറഞ്ഞു. ഭാവിയിൽ ആർഎസ്എസ് സഞ്ചലനം നിഷേധിക്കരുത്. അങ്ങനെ അനുമതി നിഷേധിച്ചാൽ ബന്ധപ്പെട്ട അധികാരികൾ കോടതിയിൽ ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതേത്തുടർന്ന് അനുമതി നിഷേധിച്ച 58 ൽ 52 സ്ഥലങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള 6 സ്ഥലങ്ങളിൽ കൃത്യമായ സുരക്ഷയും പ്രത്യേക വ്യവസ്ഥകളോടെയും പഥസഞ്ചലനം അനുവദിക്കാൻ തമിഴ്നാട് പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
തിരുപ്പൂരിലെ ആർഎസ്എസ് പ്രവർത്തകൻ എം. ജ്യോതിപ്രകാശ്, ഡിണ്ടിഗലിൽനിന്നുള്ള പ്രവർത്തകൻ കെ. സേതുരാജ് എന്നിവരാണ് ഹർജിക്കാർ.
Discussion about this post