ചെന്നൈ: വിജയദശമി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിനെതിരായ നിയമയുദ്ധത്തില്‍ വിജയിച്ച് തമിഴ്‌നാട്ടിവ് ആവേശം വിതച്ച് ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍. സംസ്ഥാനത്ത് 58 കേന്ദ്രങ്ങളിലാണ് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പൂര്‍ണഗണവേഷധാരികളായി പഥസഞ്ചലനം നടത്തിയത്. ആര്‍എസ്എസ് പരിപാടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പഥസഞ്ചലനങ്ങള്‍ നടന്നത്. തൂത്തുക്കുടിയില്‍ 20നാണ് പഥസഞ്ചലനം.
ചെന്നൈ നഗരത്തില്‍ മാത്രം നാലിടത്താണ് പഥസഞ്ചലനങ്ങള്‍ നടന്നത്. ക്രോമപേട്, എഗ്മോര്‍, മണാലി, കൊരട്ടൂര്‍, മേടവാക്കം, പടിയനല്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങളെ വരവേല്‍ക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്. സര്‍ക്കാരിന്റെ എതിര്‍പ്പും കോടതിയിലെ പോരാട്ടവും ആര്‍എസ്എസ് ആഘോഷത്തെ കൂടുതല്‍ ജനകീയമാക്കിയെന്ന് ഉത്തര തമിഴ്‌നാട് പ്രാന്ത കാര്യവാഹ് വി.ജി. ജഗദീശന്‍ പറഞ്ഞു. പഥസഞ്ചലനത്തിന് അനുമതി തേടി എല്ലാവര്‍ഷവും കോടതിയെ സമീപിക്കേണ്ടിവരുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരിലെ വടവല്ലിയിലും ശിവാനന്ദ കോളനിയിലും കനത്ത പോലീസ് സുരക്ഷയിലാണ് പഥസഞ്ചലനം നടന്നത്. ശതാബ്ദിയിലേക്ക് നീങ്ങുന്ന ആര്‍എസ്എസിന് എതിര്‍പ്പുകള്‍ അവസരങ്ങളാക്കിയാണ് ശീലമെന്ന് ഉത്തര തമിഴ്നാട് സംഘചാലക് എം. കുമാരസ്വാമി പറഞ്ഞു. സ്വയംസേവകര്‍ അവരുടെ ലക്ഷ്യത്തിലേക്ക് ഏകാഗ്രമായാണ് നടക്കുന്നത്. ആത്മവിശ്വാസത്തോടെ ദേശീയ ഐക്യവും ദേശസ്നേഹവും വളര്‍ത്തിയെടുക്കുകയാണ് പ്രവര്‍ത്തനം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയും എല്ലായിടത്തും പഥസഞ്ചലനങ്ങള്‍ നടക്കുന്ന ഒരുതരത്തിലുള്ള എതിര്‍പ്പും കൂടാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സംഘത്തിനെതിരെ തമിഴ്‌നാട്ടില്‍ വെറുപ്പിന്റെ പ്രചാരണമാണ് നടത്തുന്നത്. പഥസഞ്ചലനങ്ങള്‍ വിലക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘം പ്രവര്‍ത്തിക്കുന്നത് രാഷ്ട്രത്തിന്റെ ക്ഷേമത്തിനായാണ്. സമഗ്രമായ സമാജിക പുരോഗതി മുന്‍നിര്‍ത്തി ശതാബ്ദിയില്‍ സംഘം പഞ്ചപരിവര്‍ത്തനത്തിന്റെ സന്ദേശം നല്കുന്നു. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി സ്വാവലംബനം, പൗരബോധം, എല്ലാ ഭിന്നതകളും മറികടന്നുള്ള സമാജിക സമരസത, പരിസ്ഥിതിയുടെ സംരക്ഷണം എന്നിവയാണ് ഈ പഞ്ചമന്ത്രങ്ങളെന്ന് കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
Discussion about this post