നാഗ്പൂര്‍: ദേശീയ ജീവിതത്തെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള എല്ലാ ദുഷ്പ്രവണതകളും മുന്‍കൂട്ടി തടയേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിലുടനീളം, പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി സമാജം താമസിക്കുന്ന മേഖലകളിലും ഇത്തരം ദുഷ്പ്രവണതകള്‍ ദൃശ്യമാണ്. കേരളം. തമിഴ്‌നാട് തുടങ്ങിയ സമുദ്രതീര സംസ്ഥാനങ്ങളിലും പഞ്ചാബ്, കശ്മീര്‍ എന്നീ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ബിഹാര്‍ മുതല്‍ മണിപ്പൂര്‍ വരെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സാംസ്‌കാരിക ഏകതയുടെയും ഉന്നതമായ നാഗരികതയുടെയും ശക്തമായ അടിത്തറയിലാണ് ഭാരതത്തിന്റെ ദേശീയ ജീവിതം നിലകൊള്ളുന്നത്. അത് ബലപ്പെടുത്തണം. ഭാരതത്തില്‍ എല്ലായിടത്തും, വിഘടനവാദ ആശയങ്ങളുടെ വിളയാട്ടത്തിലൂടെ സംസ്‌കാരത്തെയും സമൂഹത്തെയും തകര്‍ക്കുന്ന പ്രവണതകള്‍ വര്‍ധിക്കുന്നു. ജാതി, ഭാഷ, പ്രദേശം തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം.
ഗണപതി നിമജ്ജനയാത്രകള്‍ക്കും മറ്റും നേരെ നടന്ന അക്രമങ്ങള്‍ ഡോ. അംബേഡ്കര്‍ വിശേഷിപ്പിച്ച അരാജകത്വത്തിന്റെ വ്യാകരണത്തിന് ഉദാഹരണമാണ്. രാജ്യത്തെ ശക്തമാക്കി ഒരുമയും സന്തോഷവും സമാധാനവും സമൃദ്ധിയും സൃഷ്ടിക്കേണ്ടത് എല്ലാവരുടെയും ആഗ്രഹവും കടമയുമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഹിന്ദു സമൂഹത്തിനുണ്ടെന്ന് മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.
ഭാരത സര്‍ക്കാരിന്റെയും ലോകമാകെയുള്ള ഹിന്ദുക്കളുടെയും പിന്തുണ ബംഗ്ലാദേശിലെ ഹിന്ദുസമൂഹത്തിന് ആവശ്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അസംഘടിതവും ദുര്‍ബലവുമായി തുടരുന്നത് ദുഷ്ടന്മാരുടെ അക്രമങ്ങളെ ക്ഷണിച്ചുവരുത്തുകയാവും എന്ന പാഠം ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വേച്ഛാധിപത്യ, മതമൗലിക സ്വഭാവം നിലനില്‍ക്കുന്നിടത്തോളം ബംഗ്ലാദേശിലെ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷ സമൂഹങ്ങളുടെയും തലയ്ക്ക് മുകളില്‍ അപകടത്തിന്റെ വാള്‍ തൂങ്ങിക്കിടക്കും. അതുകൊണ്ടാണ് ആ രാജ്യത്ത് നിന്ന് ഭാരതത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും അതുണ്ടാക്കുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നത്. ഭാരതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്ഥാനുമായി കൂടിക്കാഴ്ച നടത്തുന്നതിനെ കുറിച്ചാണ് അവിടെ ചര്‍ച്ച. ഇത്തരം ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നതിലൂടെ ഭാരതത്തെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നത് ഏത് രാജ്യമാണെന്ന് പറയേണ്ടതില്ലെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ഡീപ് സ്‌റ്റേറ്റ്, വോക്കിസം, കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റ് തുടങ്ങിയ ആശയങ്ങള്‍ ലോകത്തെ എല്ലാ സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും പ്രഖ്യാപിത ശത്രുക്കളാണ്. സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും തുടങ്ങി ശ്രേഷ്ഠമോ മംഗളകരമോ ആയി കണക്കാക്കുന്നവയെല്ലാം പൂര്‍ണമായും നശിപ്പിക്കുക എന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ മനസ് രൂപപ്പെടുത്തുന്ന സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും അവരുടെ സ്വാധീനത്തില്‍ കൊണ്ടുവന്ന് അവയിലൂടെ ചിന്തകളെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും നശിപ്പിക്കുക എന്നത് ഈ രീതിശാസ്ത്രത്തിന്റെ ആദ്യപടിയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതയെക്കാള്‍ പ്രധാനം തങ്ങളുടെ സങ്കുചിത താല്പര്യങ്ങളാണെന്ന് കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും അവര്‍ പിന്തുണയ്ക്കും. അതിലൂടെ അവരുടെ വിനാശകരമായ അജണ്ട മുന്നോട്ടുകൊണ്ടുപോകും. അറബ് വസന്തം മുതല്‍ ബംഗ്ലാദേശിലെ അട്ടിമറി വരെ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. ആര്‍എസ്എസ് വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് ജി താംശേട്ടീവാര്‍, സഹസംഘചാലക് ശ്രീധര്‍ റാവു ഘാട്‌കെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും പങ്കെടുത്തു.
Discussion about this post