ലഖ്നൗ (ഉത്തര്‍പ്രദേശ്): ബഹ്‌റൈച്ചില്‍ ദുര്‍ഗാപൂജയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരെ വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമത്തിലെ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു. രാംഗോപാലിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാം ഗോപാല്‍ മിശ്രയുടെ ഭാര്യ റോളി മിശ്ര, അച്ഛന്‍ കൈലാഷ് നാഥ് മിശ്ര, അമ്മ മുന്നി ദേവി, ബന്ധു കിഷന്‍ മിശ്ര എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ബഹ്റൈച്ച് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. നാട് രാംഗോപാലിന്റെ കുടുംബത്തോടൊപ്പമുണ്ട്.
ബഹ്‌റൈച്ച് ജില്ലയിലെ മഹാസി പ്രദേശത്ത് ഞായറാഴ്ച ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് കല്ലേറും വെടിവയ്പുമുണ്ടായത്.
കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവരുടെ വീടുകള്‍ പൊളിച്ചുകളയണമെന്നും രാംഗോപാലിന്റെ ഭാര്യ റോളി മിശ്ര പറഞ്ഞു. അവര്‍ അദ്ദേഹത്തെ വെട്ടി, പതിനഞ്ച് തവണ വെടിവച്ചു. ജീവനറ്റുപോയിട്ടും കല്ലെറിഞ്ഞു. ഒരാളെയും വെറുതെ വിടരുത്, റോളി പറഞ്ഞു.
അതേസമയം സംഭവത്തിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഹമീദും മക്കളും ബെഹ്റയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ എടിഎസ് ബെഹ്റയില്‍ ക്യാമ്പ് ചെയ്യുകയും ഊര്‍ജിത അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട്. ജില്ലയില്‍ കനത്ത പൊലീസ് സന്നാഹത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ഞായറാഴ്ച ബഹ്റൈച്ചിലെ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മഹ്സി തെഹ്സിലിലെ രെഹുവ മന്‍സൂര്‍ ഗ്രാമത്തിന് സമീപമുണ്ടായ അക്രമത്തിലാണ് രാംഗോപാല്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു.
Discussion about this post