ന്യൂദല്‍ഹി: സംരംഭകത്വത്തിന്റെ അടിത്തറ ആത്മീയതയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണൃഗോപാല്‍.സ്വാശ്രയ ഭാരത് അഭിയാന്റെ ഭാഗമായി ഓഗസ്റ്റ് ക്രാന്തി മാര്‍ഗിലെ സിരി ഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വ്യാപാര നയം സ്വദേശി ഭാവനയുടെ അടിസ്ഥാനത്തിലാകണം. തൊഴില്‍യുക്ത ഭാരതം, ദാരിദ്ര്യമുക്ത ഭാരതം, സമൃദ്ധ ഭാരതം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്വാശ്രയ ഭാരതത്തിനായുള്ള പരിശ്രമം മുന്നേറേണ്ടത് എന്ന് കൃഷ്ണഗോപാല്‍ പറഞ്ഞു. ഭാരതത്തിനുള്ളിലെ ഏകാത്മക ഭാവം ആഴമേറിയതാണ്. ഇതേവികാരം തന്നെ സംരംഭകത്വ പരിശ്രമങ്ങള്‍ക്കുമുണ്ടാകണം. നമ്മുടെ സംരംഭകത്വത്തിന്റെ രീതിനീതികള്‍ ഭാരതീയമാകണം. ഈ നാടിന്റെ സാഹചര്യത്തിന് യോജിക്കുന്ന സ്വാശ്രയകേന്ദ്രങ്ങള്‍ക്കാകണം മുന്‍ഗണന, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ സംരംഭകത്വ പാരമ്പര്യം, തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രാധാന്യം എന്നിവയെ അടിസ്ഥാനമാക്കി വ്യാപാരനയം രൂപീകരിക്കണം. സ്വാശ്രയത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തലത്തില്‍ ജില്ലാ സ്വാശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഇതുവഴി ഗ്രാമീണ, നഗര മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംയോജകന്‍ ഡോ. രാജ്കുമാര്‍ മിത്തല്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ രചിച്ച ജൈവ സംരംഭം – 37 കോടി സ്റ്റാര്‍ട്ടപ്പുകള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്വാശ്രയ ഭാരത് അഭിയാന്‍ ദേശീയ സംയോജകന്‍ ഭഗവതി പ്രകാശ് ശര്‍മ്മ സംസാരിച്ചു.
ലഘു ഉദ്യോഗ് ഭാരതി, സഹകാര്‍ ഭാരതി, ഗ്രാഹക് പഞ്ചായത്ത്, ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘം, വനവാസി കല്യാണ്‍ ആശ്രമം, സേവാഭാരതി, വിദ്യാഭാരതി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ബിജെപി, വിശ്വഹിന്ദു പരിഷത്ത്, മറ്റ് അനുബന്ധ സംഘടനകള്‍, സോഹോ കോര്‍പ്പറേഷന്‍, കനേരി മഠം, ഗായത്രി പരിവാര്‍, ആര്യസമാജം, ആര്‍ട്ട് ഓഫ് ലിവിങ്, സമര്‍ഥ് ഭാരത്, വക്രംഗി ഗ്രൂപ്പ് തുടങ്ങി 38 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Discussion about this post