ജബൽപ്പൂർ (മധ്യപ്രദേശ്): ലോകക്ഷേമം ഹിന്ദു ജീവിത ദർശനത്തിൻ്റെ അകക്കാമ്പാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ജബൽപ്പൂർ യോഗമണി ട്രസ്റ്റിൻ യോഗമണി ഡോ. ഊർമിള തായ് ജംദാറിൻ്റെ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവൻ ഭാരതത്തിലേക്കാണ് ഉറ്റുനോക്കുന്നത്. പടിഞ്ഞാറൻ വിചാരധാരയിലൂന്നി മുന്നോട്ടു കൊണ്ടുവന്ന വികസന നയം അപൂർണമാണ് എന്ന് ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ധർമ്മത്തെ കുറിച്ച് അവർക്ക് ധാരണയില്ലായിരുന്നു. മതവും രാഷ്ട്രീയവും പിന്നീട് ശാസ്ത്രയുഗത്തിൻ്റെ വരവിനുശേഷം ആയുധ വ്യാപാരവുമൊക്കെ അവർക്ക് പുരോഗതിയുടെ അടയാളങ്ങളായി. എന്നാൽ ഈ വഴി സന്തോഷത്തിനും സമൃദ്ധിക്കും പകരം ലോകത്തിന് നല്കിയത് സർവനാശമാണ്, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
സംഘർഷത്തിലേക്കാണ് പടിഞ്ഞാറൻ കാഴ്ചപ്പാട് മനുഷ്യനെ എത്തിച്ചത്. നിരീശ്വരവാദിയും ഈശ്വരവാദിയും സംഘർഷത്തിലായി. ജീവിക്കുകയും ബലവാൻ്റെ ആക്രമണത്തിൽ ദുർബലർ മരിച്ചു വീണു. അതുകൊണ്ടാണ് ലോകം ഇന്ന് ആത്മീയ സമാധാനത്തിനായി ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നത്.
ഇന്ന് ലോകം വിഭവങ്ങളാൽ സമ്പന്നമാണ്. പരിധിയില്ലാത്ത അറിവുണ്ട്. എന്നാൽ മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള പാത അവരുടെ പക്കലില്ല. ഇക്കാര്യത്തിൽ ഭാരതം സമ്പന്നമാണ്. എന്നാൽ നമ്മൾ നമ്മെക്കുറിച്ച് അറിയുന്നില്ല. മറവിയുടെ ആഴത്തിൽ നിന്ന് കരകയറിയേ മതിയാകൂ.
അവിദ്യയും വിദ്യയും ഭാരതീയ ജീവിത തത്വശാസ്ത്രത്തിൽ പ്രധാനമാണ്, അതിനാൽ ഭൗതികവും ആത്മീയവുമായ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ഇവ രണ്ടും തമ്മിലുള്ള ബന്ധം ആവശ്യമാണ്. ഇത് ഹിന്ദു ധർമ്മം അംഗീകരിച്ചിട്ടുണ്ട്, അതുകൊണ്ടാണ് നമ്മൾ ഇതേ പാതയിലൂടെ സഞ്ചരിക്കുന്നത്. തീവ്രവാദത്തെയും മതഭ്രാന്തിനെയും അത് ചെറുക്കും. മനുഷ്യധർമ്മം സനാതനമാണ്. അത് തന്നെയാണ് ഹിന്ദു ധർമ്മം. എല്ലാ വിഷയങ്ങളെയും ഏകീകൃത രൂപത്തിൽ കാണുന്നവനാണ് ഹിന്ദു. നാനാത്വത്തിൽ ഏകത്വത്തിൻ്റെ സന്ദേശമാണ് ഹിന്ദു നല്കുന്നത്. ‘ഹിന്ദു’ എന്ന വാക്ക് പണ്ടുമുതലേ ജനമനസ്സിൽ പ്രബലമാണ്. പിന്നീട് വേദഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടു, എന്നാൽ ഗുരുനാനാക്ക് ദേവാണ് അത് പൊതു പ്രസംഗത്തിൻ്റെ രൂപത്തിൽ ആദ്യമായി ഉപയോഗിച്ചത്.
നമ്മുടെ ധർമ്മ സങ്കൽപ്പം സത്യം, അനുകമ്പ, പരിശുദ്ധി, തപസ് എന്നിവയാണ്, അതിനാൽ ഈ ദർശനം ലോക ക്ഷേമത്തിനുപകരിക്കണം, സർസംഘചാലക് പഞ്ഞു.
പരിപാടിയിൽ പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെ, യോഗമണി ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. ജിതേന്ദ്ര ജംദാർ, അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ, ക്ഷേത്രീയ പ്രചാരക് സ്വപ്നിൽ കുൽക്കർണി , സഹ പ്രചാരക് പ്രേംശങ്കർ സിദാർ, പ്രാന്തപ്രചാരക് ബ്രജ്കാന്ത് , മന്ത്രി പ്രഹ്ലാദ് പട്ടേൽ, രാകേഷ് സിംഗ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
Discussion about this post