ലഖ്നൗ: ജനക്ഷേമഭരണത്തിന്റെ ഉദാത്ത മാതൃകയാണ് ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടേതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍. ലഖ്നൗ ഗോമതിനഗര്‍ എക്സ്റ്റന്‍ഷനിലുള്ള സിഎംഎസ് ഓഡിറ്റോറിയത്തില്‍ അഹല്യബായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവി അഹല്യയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. ലളിത ജീവിതവും ഭരണനിപുണതയും നയതന്ത്രവും കൊണ്ട് ദേവി ലോകത്തിന് സര്‍വാദരണീയയായി. മുന്നൂറ് വര്‍ഷം പെന്‍ഷന്‍ പോലെയുള്ള ഒരു സമ്പ്രദായം നടപ്പാക്കിയത് അഹല്യാബായിയാണ്. യുദ്ധത്തില്‍ ബലിദാനികളായ സൈനികരുടെ വിധവകള്‍ക്ക് തൊഴില്‍ നല്കി. ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്കി. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിന് മഹേശ്വറില്‍ സാരി വ്യവസായം ആരംഭിച്ചു. ജലസേചന സൗകര്യങ്ങള്‍ വികസിപ്പിച്ചു. വിളവ് വര്‍ധിപ്പിച്ചു. രാജസ്ഥാനില്‍ ക്ഷേത്രനിര്‍മ്മാണത്തിനും മറ്റും കല്ല് വെട്ടി ജീവിതം കഴിച്ചവര്‍ക്ക് മാള്‍വയില്‍ ഭൂമി നല്കി. പൂര്‍ണസമയ ജനക്ഷേമപ്രവര്‍ത്തനമായിരുന്നു അഹല്യയുടെ മുഖമുദ്ര. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അളവറ്റ സ്‌നേഹമുണ്ടായിരുന്ന അഹല്യബായ് അനാചാരങ്ങളെ ഇല്ലാതാക്കി നവോത്ഥാനത്തിന്റെ ഊര്‍ജം പകര്‍ന്നു. പാശ്ചാത്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് ഭാരതത്തിന് അഹല്യബായി, ലക്ഷ്മിബായി, ദുര്‍ഗാവതി തുടങ്ങിയ ജനനായികമാരുണ്ടായിരുന്നു, അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
ലോകമാതാ അഹല്യബായ് സാമൂഹിക സൗഹാര്‍ദത്തിന് വഴിതെളിച്ച ഭരണാധികാരിയായിരുന്നുവെന്ന് മാതൃക കൂടിയായിരുന്നുവെന്ന് ത്രിശതാബ്ദി ആഘോഷ സമിതി ദേശീയ സെക്രട്ടറി ഡോ. മാലാ ഠാക്കൂര്‍ പറഞ്ഞു. ജാതിവിവേചനം ഇല്ലാത്ത സാമൂഹിക സാഹചര്യമാണ് അഹല്യബായ് സൃഷ്ടിച്ചതെന്ന് മാലാ ഠാക്കൂര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ പിന്‍ഗാമി ഉദയരാജെ ഹോള്‍ക്കര്‍, ആഘോഷസമിതി അവധ് പ്രാന്ത രക്ഷാധികാരി മഹന്ത് ശ്രീബൈദേഹി ബല്ലഭ് ശരണ്‍ മഹാരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post